പാലക്കാട്: ജോലികഴിഞ്ഞ് ആശുപത്രിയിൽനിന്ന് തിരികെപ്പോകുന്ന ഡോക്ടർ രോഗിയായ സ്ത്രീയെ കണ്ടപ്പോൾ കാറിൽനിന്നിറങ്ങി. രോഗവിവരങ്ങൾ തിരക്കി ഇവരുടെ കൈയിൽനിന്ന് എക്സറേ വാങ്ങി പരിശോധിച്ച് മരുന്നും എഴുതിനൽകി.

ഡ്യൂട്ടിസമയം കഴിഞ്ഞിട്ടും രോഗിയെ പരിശോധിക്കുന്ന ഈ ഡോക്ടറിപ്പോൾ സാമൂഹികമാധ്യമങ്ങളിൽ കൈയടി നേടുകയാണ്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിനുമുന്നിലാണ് ഈ സംഭവം നടന്നത്. ഗവ. മെഡിക്കൽ കോളേജിലെ ഇ.എൻ.ടി. അസി. പ്രൊഫസർ ഡോ. അരുണാണ് വീഡിയോയിൽ ഉള്ളത്. ഡോക്ടർ രോഗിയെ പരിശോധിക്കുന്നതുകണ്ട് സമീപത്തുള്ള ആരോ ആണ് വീഡിയോ എടുത്തിരിക്കുന്നത്.

ഡോക്ടർ ജോലികഴിഞ്ഞ് കാറിൽ പോകുമ്പോഴാണ് കൈ ഒടിഞ്ഞ് പ്ലാസ്റ്ററിട്ട ഒരു സ്ത്രീ ഓട്ടോയിലെത്തിയത്. ഇവരെ കണ്ടപ്പോൾ ഡോക്ടർ കാറിൽനിന്നിറങ്ങി ഇവരോട് കാര്യങ്ങൾ തിരക്കി ഇവരെ പരിശോധിച്ച് മരുന്നും എഴുതിനൽകുകയായിരുന്നു. ദൂരെനിന്ന്‌ സൂം ചെയ്താണ് വീഡിയോ എടുക്കുന്നതെന്നും ഡ്യൂട്ടിസമയം കഴിഞ്ഞിട്ടും ഏത് സാഹചര്യത്തിലും രോഗികൾക്ക് ഇത്തരം പരിഗണനനൽകുന്ന ഡോക്ടർമാരെയാണ് നമുക്കാവശ്യമെന്നും വീഡിയോ എടുത്തയാൾ പറയുന്നുണ്ട്. ഇൗ ഡോക്ടർക്ക് ‘ബിഗ് സല്യൂട്ടും’ വീഡിയോ എടുത്തയാൾ നൽകുന്നുണ്ട്. രോഗിക്കുവേണ്ട എല്ലാ നിർദേശങ്ങളും നൽകിയശേഷമാണ് ഡോക്ടർ തിരികെ പോയതെന്നും വീഡിയോയിൽനിന്ന്‌ വ്യക്തമാണ്. ഡോക്ടർമാരുടെയും സാധാരണക്കാരുടെയുമെല്ലാം വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മികച്ച അഭിപ്രായവുമായി ഈ വിഡീയോ ഷെയർ ചെയ്തുകൊണ്ടിരിക്കുകയാണ്.