പുണെ റെയില്‍വേ സ്റ്റേഷനില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച സഹോദരിമാരായ നാലുപെണ്‍കുട്ടികളെ ദത്തെടുത്ത തോമസിന്റെയും നീനയുടെയും കഥ കഴിഞ്ഞദിവസമാണ് മാതൃഭൂമി ദിനപത്രത്തിലൂടെ പുറത്തെത്തിയത്. കോട്ടയം സ്വദേശികളാണ് തോമസും നീനയും. തോമസിനെയും നീനയെയും അവരുടെ മാലാഖക്കുഞ്ഞുങ്ങളെയും തിരുവോണദിനത്തില്‍ സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് സിനിമാസംവിധായകന്‍ സുബാഷ് നായര്‍. 

Read More: വഴിതിരിച്ച യാത്രയില്‍ 'പിറന്നു', നാലു കണ്‍മണികള്‍

തോമസിന്റെ നമ്പര്‍ സംഘടിപ്പിച്ച് സുഹൃത്തിനൊപ്പം തോമസിന്റെ കോട്ടയത്തെ വീട്ടിലെത്തിയതിനെ കുറിച്ചും അവര്‍ക്ക് ഓണസമ്മാനം നല്‍കിയതിനെ കുറിച്ചും സുബാഷ്, കുറിപ്പില്‍ പറയുന്നു. 

സുബാഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ ഓണം ഹാപ്പിയാണ്...??
                           ഉത്രാട നാളില്‍ മാതൃഭൂമിയില്‍ വന്ന വാര്‍ത്തയിലെ തോമസ്സും നീനയും എന്നെ വല്ലാതെ സ്പര്‍ശിച്ചിരുന്നു. തിരുവോണം അവരുടെ കൂടെയാകണമെന്ന് എനിക്ക് തോന്നി. ഞാന്‍ കേരളകൗമുദിയിലെ മനോജ് വിജയരാജിനെ വിളിച്ചു. മനോജ് എനിക്ക് കോട്ടയം കൗമുദിയില്‍ ജോലി ചെയ്തിരുന്ന ദീപുവിനെ കണക്ട് ചെയ്ത് തന്നു. ദീപു, തോമസ് എന്ന എന്റെ ഹീറോയുടെ നമ്പര്‍ മാതൃഭൂമിയിലെ ദയാലില്‍ നിന്നും വാങ്ങിത്തന്നു (എല്ലാവര്‍ക്കും നന്ദി). ഞാന്‍ ആ നമ്പറിലേക്ക് വിളിച്ചു, അപ്പുറത്ത് ഒരു നിഷ്‌ക്കളങ്കനായ മനുഷ്യന്റെ ശബ്ദം 'ഹലോ സര്‍...' (എന്റെ പേര് വിളിക്കാന്‍ ഞാന്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട് ഇപ്പോഴും, പക്ഷെ അദ്ദേഹം അങ്ങനെ വിളിക്കുന്നില്ല) കുറച്ചു നേരം സംസാരിച്ചപ്പോള്‍ എനിക്ക് തോന്നി അവരെ നേരില്‍ കാണണമെന്ന്.  എന്റെ ഓണം നിങ്ങളുടെ കൂടെയാകുന്നതില്‍ വിരോധമുണ്ടോ.. ? ഞാന്‍ ചോദിച്ചു , തോമസ്സിന് സന്തോഷം. അതറിഞ്ഞപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, ഒരുപക്ഷെ മഹാബലി പോലും മനസ്സ് കൊണ്ട് തലകുനിക്കുന്ന തോമസ്സിന്റേയും നീനയുടേയും കുട്ടികളുടേയും കൂടെയാകണം എന്റെ ഈ വര്‍ഷത്തെ ഓണം എന്ന് . പക്ഷെ എന്റെ കാറിനൊരു ചിണുക്കം, ദൂരയാത്രയ്ക്ക് പോകാന്‍ താത്പര്യമില്ലാത്ത പോലെ. ഈ സമയം ഫോണ്‍ ബെല്ലടിച്ചു. വിളിക്കുന്നത് സൗണ്ട് ഡിസൈനര്‍ ഗണേഷ് മാരാര്‍ (ഞാനും ഗണേഷ് ജിയും തമ്മിലുള്ള ബന്ധം മറ്റൊരവസരത്തില്‍ പറയാം). ഞാന്‍ എന്റെ പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ തൃശ്ശൂര്‍ വന്ന് തന്റെ കാറെടുത്ത് പൊക്കോളൂ... എന്ന് പറഞ്ഞ ഗണേഷ് ജിക്ക് നന്ദി. 
                         തിരുവോണ ദിവസം രാവിലെ ഗണേഷ് ജിയുടെ വീട്ടിലെത്തിയപ്പോള്‍ വയര്‍ വീര്‍പ്പിച്ച് യാത്ര പോകാന്‍ റെഡിയായി നില്‍ക്കുന്നു BREZZA. ഞാനിങ്ങനൊരു യാത്ര പോകുന്നു എന്നറിഞ്ഞപ്പോള്‍ രാജേഷ് കളമശ്ശേരിക്കും ( പ്രൊ. കണ്‍ട്രോളര്‍) വരാന്‍ താത്പര്യം. കളമശ്ശേരിയില്‍ നിന്ന് അയാളും കൂടി. അങ്ങനെ ഞങ്ങള്‍ മണര്‍ക്കാട് തലപ്പാടിയിലേക്ക് യാത്ര തിരിച്ചു.       
                       യാത്രയില്‍ ചിലയിടങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തും ശൂന്യമായ റോഡുകളും , അടഞ്ഞുകിടക്കുന്ന കട കമ്പോളങ്ങളും , ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്കിടയില്‍ കോളാമ്പിമൈക്കില്‍ നിന്നും വരാറുള്ള ശബ്ദങ്ങളൊന്നും തന്നെ എങ്ങും കേള്‍ക്കാത്തതുമായ അന്തരീക്ഷം. മൂന്ന് നാല് വര്‍ഷം മുന്‍പ് വരെ ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ യാത്ര പോകുമ്പോള്‍ കളര്‍ഫുള്ളായ രീതിയില്‍ പ്രായഭേദമന്യേ ജാതിമത ഭേദമില്ലാതെ ആളുകള്‍ ഓണം ആഘോഷിക്കുന്നത്  കണ്ടാസ്വദിക്കാറുള്ളത് വെറുതെ ഓര്‍ത്ത് പോയി. ഇനി എന്ന് തിരിച്ച് വരും അതൊക്കെ..... കോവിഡിനെ മനസ്സാലെ ശപിച്ചു. 
                         മണര്‍ക്കാടെത്തിയപ്പോള്‍ കുട്ടികള്‍ക്ക് മധുരം കൊടുക്കണമെന്ന് രാജേഷിന് ഒരാഗ്രഹം, മിഠായി വാങ്ങി. തോമസിനെ വിളിച്ചു, വഴി പറഞ്ഞുതന്ന തോമസ്സിന്റെ ശബ്ദത്തില്‍ നിന്നും ഞങ്ങളുടെ വരവ് അയാളില്‍ വളരെ സന്തോഷമുണ്ടാക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. എന്റെ തോന്നല്‍ ശരിയായിരുന്നെന്ന് ആ വീട്ടിലെത്തിയപ്പോള്‍ മനസ്സിലായി. തോമസ്സും കുടുംബവും ഞങ്ങളെ വളരെ സന്തോഷത്തോടെ സ്വീകരിച്ചു. ആ സന്തോഷം ഒരു പുറംമോടിയല്ല മറിച്ച് ആത്മാര്‍ത്ഥതയുള്ളതാണെന്ന് കുറച്ച് നേരത്തിനുള്ളില്‍ എനിക്ക് ബോധ്യമായി. 
                           തോമസ്സിന്റെ അമ്മൂമ്മയും , തോമസ്സും, നീനയും , എയ്‌നയും, ആന്‍ഡ്രിയയും എലയ്‌നും ചോട്ടു എന്ന അലക്‌സാട്രിയയും ചേര്‍ന്ന ഒരു സന്തുഷ്ട കുടുംബം. 80 വയസ്സിന് മുകളില്‍ പ്രായമുള്ള അമ്മൂമ്മ എന്നോട് വാ തോരാതെ സംസാരിക്കുന്നു, എന്തോ എന്നെ ഇഷ്ടമായി ത്രേ... തോമസ്സിന്റെ കുട്ടിക്കാലം മുതലുള്ള കഥ പറയാന്‍ തുടങ്ങി അമ്മൂമ്മ, കൂട്ടിന് തോമസ്സും. MBA കഴിഞ്ഞ തോമസ് PhD അവസാന വര്‍ഷം ചെയ്തുകൊണ്ടിരിക്കുന്നു എന്ന് കേട്ടപ്പോള്‍ ഞാനത്ഭുതപ്പെട്ടു. ഇതിനിടയില്‍ തോമസ് തന്റെ അച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളെ കണ്ടപ്പോള്‍ ചേട്ടനാണെന്ന് തോന്നി, ഞാനത് പറയുകയും ചെയ്തു. നീനയും തോമസ്സിന്റെ അച്ഛനും അടുക്കളയില്‍ ആഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. തോമസ്സിന്റേയും ചേട്ടന്റേയും കുട്ടിക്കാലവും കോളേജ് കാലഘട്ടവും എല്ലാം എന്നോട് പറഞ്ഞുകൊണ്ടിരുന്നു അമ്മൂമ്മ. ഒരു പുതിയ കഥ കേള്‍ക്കുന്ന പോലെ ഞാനതെല്ലാം കേട്ടുകൊണ്ടിരുന്നു. കുട്ടികള്‍ നിലത്തിരുന്ന് ഫോണില്‍ കളിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഓടിവന്ന് അവരുടെ കുട്ടിക്കാലത്തെ ഫോട്ടോകള്‍ ആ ഫോണില്‍ മാറ്റിമാറ്റി എന്നെ കാണിച്ചുതരുന്ന കുട്ടികള്‍ എന്നോട് വേഗം അടുത്തു. ഇടയ്ക്ക് കുട്ടികളില്‍ ഒരാള്‍ തോമസ്സിന്റെ പുറത്ത് കയറുന്നതും കണ്ടു. തോമസ്സ് അവരുടെ വളര്‍ത്തച്ഛനല്ല.. സ്വന്തം അച്ഛനാണെന്ന് എനിക്ക് തോന്നി, തോന്നല്‍ അല്ല അതാണ് സത്യം. കുട്ടികളും വളരെ മിടുക്കികളാണെന്ന് ഓരോരുത്തരായി എന്നെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ എനിക്ക് മനസ്സിലായി. ഞങ്ങള്‍ കൊണ്ടുപോയ ഓണസമ്മാനം ( തലേദിവസം രാത്രി വളരെ നേരം വൈകിയിട്ടും ഇങ്ങനൊരു കാര്യത്തിന് കട തുറന്നുതന്ന  C.K Handlooms Kuthampully -യുടെ സാരഥി ബാബുവേട്ടനു നന്ദി ) അവര്‍ക്ക് കൊടുത്തു. കുട്ടികള്‍ ഹാപ്പി.... മക്കളുടെ സ്‌ക്കൂള്‍ തുറന്നാല്‍ പിന്നെ ഞാന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഒറ്റക്കിരിക്കണം, അതാലോചിക്കുമ്പോള്‍ മരിച്ചാല്‍ മതീന്ന് തോന്നും.. കുട്ടികളെ നോക്കിയുള്ള അമ്മൂമ്മയുടെ ആ വാക്കുകളില്‍ നിന്നും മനസ്സിലാക്കാം വീട്ടിലുള്ളവര്‍ക്ക് ആ കുട്ടികളോടുള്ള സ്‌നേഹം. 
                             ഇതിനിടയില്‍ നീന വന്ന് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. പോയിനോക്കിയപ്പോള്‍ table-ല്‍ വിഭവസമൃദ്ധമായ  ഒരു ഓണസദ്യ തന്നെ ഒരുക്കിയിരിക്കുന്നു. ഞാന്‍ അത്ഭുതപ്പെട്ടു. പേപ്പറില്‍ കണ്ട് വിളിക്കുന്നതാണ്.. നാളെ വന്നാല്‍ കാണാന്‍ പറ്റുമോ ? എന്ന് ചോദിച്ച ഞങ്ങള്‍ക്ക് ഗംഭീര ഓണസദ്യ. തോമസ്സിന്റെ അച്ഛന്‍ നല്ലൊരു പാചകക്കാരനാണെന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് തോന്നി. നീനയും മോശമല്ല ട്ടോ... കൂടെയിരിക്കാന്‍ തോമസ്സിനെ വിളിച്ചപ്പോള്‍ അയാളുടെ മറുപടി അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു. ' ഞാന്‍ വീട്ടിലുണ്ടെങ്കില്‍ മക്കള്‍ എന്റെ കൂടെ ഇരുന്നേ ഭക്ഷണം കഴിക്കൂ...ഞങ്ങള്‍ ഒന്നിച്ച് നിലത്തിരുന്ന് കഴിക്കും സാറേ... തോമസ്സിന്റെ നിഷ്‌ക്കളങ്കതയില്‍ എനിക്ക് അയാളോടുള്ള ആരാധന കൂടി. നാലു മക്കളുടെ അമ്മയായ നീന, ആ അമ്മയ്ക്ക് മക്കളോടുള്ള സ്‌നേഹം, മക്കള്‍ക്ക് അമ്മയോടുള്ള സ്‌നേഹം ... അത് നിര്‍വ്വചനങ്ങള്‍ക്കപ്പുറമാണ്. അതെനിക്ക് അമ്മൂമ്മയുടെ വര്‍ത്തമാനത്തില്‍ നിന്നും മനസ്സിലായി. സദ്യയുണ്ട് രണ്ട് തരം പായസവും കുടിച്ച് കുറച്ച് നേരം കൂടി അവരോടൊപ്പമിരുന്ന് ഞങ്ങള്‍ ഇറങ്ങാന്‍ തയ്യാറായി. ഈ സമയം അമ്മൂമ്മ എന്റെ കൈ പിടിച്ച് വിരലുകളില്‍ ഉമ്മ  വച്ചു ' മോന്‍ നന്നായി വരും...' അത് പറയുമ്പോള്‍ അമ്മൂമ്മയുടെ ശബ്ദം ഇടറുന്നു. ഞാന്‍ അവരുടെ മുഖത്തേക്ക് ശ്രദ്ധിച്ച് നോക്കി, അമ്മൂമ്മ കരയുന്നോ... ?  ഇനി എന്ന് വരും..?എന്ന അമ്മൂമ്മയുടെ ചോദ്യത്തിന് വരാം അമ്മൂമ്മേ...എന്ന്  പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കുട്ടികള്‍ ഒരുമിച്ച്  'ഹാപ്പി ഓണം ' പറഞ്ഞ് ഞങ്ങളെ യാത്രയാക്കി.  ഇറങ്ങുന്നതിനിടയില്‍ ' ഒന്നോ രണ്ടോ ദിവസം താമസിക്കാന്‍ തയ്യാറെടുത്ത് എന്റെ നാട്ടിലേക്ക് വരൂ ...' ക്ഷണിക്കാന്‍ ഞാന്‍ മറന്നില്ല. അവര്‍ സന്തോഷത്തോടെ സമ്മതം മൂളി. 
                              തിരിച്ച് കാറില്‍ കയറാന്‍ നേരം യാത്ര പറയാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ വിശുദ്ധ യൗസേപ്പും മറിയവും നാല് മാലാഖക്കുട്ടികളും അവരുടെ തൊട്ടടുത്ത് നിന്ന് മഹാബലിയും ഞങ്ങളെ കൈവീശി യാത്രയാക്കുന്നു. 
                          ദൈവം മനുഷ്യന്റെ രൂപത്തിലവതരിക്കും എന്ന് പറയുന്നത് ശരിയായിരിക്കാം...  
    തിരിച്ചുവരുന്നതിനിടയില്‍ ഞാന്‍ ഓര്‍ത്തു. 
    അതെ എന്റെ ഓണം ഹാപ്പിയാണ്.

content highlights: director Subaash Nair visits thomas and his adopted children at kottayam pens heartfelt note