image
ചക്രക്കസേരയില്‍ ഡിന്റോ

മാന്നാര്‍: ഒരു ചക്രക്കസേര വേണമെന്ന നാലാം ക്ലാസുകാരന്‍ ഡിന്റോയുടെ സ്വപ്നം പൂവണിഞ്ഞു. നാട്ടുകാരനായ പ്രവാസിയുടെ സുമനസ്സില്‍ ഡിന്റോയ്ക്ക് ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ചക്രക്കസേര കിട്ടി.

ഭിന്നശേഷിയോടെ ജനിച്ച ബുധനൂര്‍ പെരിങ്ങിലിപ്പുറം ഉളുന്തി പുത്തന്‍പറമ്പില്‍ വിനോദ്-ജസി ദമ്പതിമാരുടെ ഇളയമകന്‍ ഡിന്റോ വിനോദി (9)ന് സഞ്ചരിക്കാന്‍ ചക്രക്കസേരവേണമെന്ന ആഗ്രഹം കഴിഞ്ഞ നാലിന് 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈവാര്‍ത്ത കണ്ടു പ്രവാസിയായ ഉളുന്തി കുറ്റിശ്ശേരിയില്‍ അലക്സ് ചാക്കോയാണ് ചക്രക്കസേര വാങ്ങി നല്‍കിയത്.

അലക്സ് വിദേശത്തായതിനാല്‍ സുഹൃത്തുക്കളായ തോപ്പില്‍ ബന്‍സിഗര്‍, ജസ്റ്റിന്‍ എന്നിവര്‍ ചക്രക്കസേര വീട്ടിലെത്തിക്കുകയായിരുന്നു. ഇതില്‍ വീടിനുള്ളിലും മുറ്റത്തും ചക്രക്കസേര ഓടിച്ചു പരിശീലനം നടത്തി. തനിക്കു കസേരകിട്ടാന്‍ സഹായിച്ച മാതൃഭൂമിയോടും കസേരതന്നു സഹായിച്ച് അലക്സ് ചാക്കോയോടും ഡിന്റോ നന്ദി പറഞ്ഞു.

ഉളുന്തി എച്ച്.ഐ.ജെ. യു.പി. സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഡിന്റോയ്ക്കു വലതുകൈമുട്ടുവരെയുള്ളൂ. ഇടതു കൈയില്‍ ഉള്ളതു രണ്ടു വിരലുകള്‍ മാത്രം. വലതുകാല്‍മുട്ടിനു താഴെ എല്ലില്ലാത്ത അവസ്ഥ. ഇടതുകാല്‍ വളഞ്ഞിരുന്നതു കാരണം അഞ്ചുവര്‍ഷം മുന്‍പു മുട്ടിനു താഴെ വച്ചു മുറിച്ചുമാറ്റി. പരസഹായമില്ലാതെ എങ്ങും പോകാന്‍ സാധിക്കാതെ വിഷമിക്കുമ്പോഴാണു ചക്രക്കസേര കിട്ടിയത്.

content highlights: differently abled dinto gets wheelchair