കാണാതായ 76 കുട്ടികളെ മൂന്നുമാസത്തിനുള്ളില്‍ കണ്ടെത്തി വനിത പോലീസ് ഓഫീസര്‍. ഡല്‍ഹി പോലീസിലെ സീമ ഠാക്ക എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് 76 കുട്ടികള്‍ക്ക് രക്ഷകയായത്.

ഈ കുട്ടികളില്‍ 56 പേര്‍ 14 വയസ്സിനുള്ളില്‍ താഴെയുള്ളവരാണ്. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സമയ്പുര്‍ ബാദലി സ്റ്റേഷനിലാണ് സീമ ജോലി ചെയ്യുന്നത്.

കാണാതായ കുട്ടികളെ ഡല്‍ഹിയില്‍നിന്ന് മാത്രമല്ല പഞ്ചാബ്, പശ്ചിമ ബെംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും കണ്ടെത്തി കുടുംബങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ സീമയ്ക്ക് സാധിച്ചിട്ടുണ്ട്.

സീമയുടെ ഈ സ്ത്യുത്യര്‍ഹ സേവനത്തിന് ഔട്ട് ഓഫ് ടേണ്‍ പ്രൊമോഷന്‍ നല്‍കിയിരിക്കുകയാണ് ഡല്‍ഹി പോലീസ്. 76 കുട്ടികളെ രക്ഷിച്ചതിനുള്ള അംഗീകാരമായാണ് നേരിട്ടുള്ള ഈ പ്രമോഷന്‍ നല്‍കല്‍.

കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പ്രേരണ നല്‍കുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി പോലീസ് ഒരു പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. കമ്മീഷണര്‍ എസ്.എന്‍. ശ്രീവാസ്തവയാണ് പദ്ധതി ഓഗസ്റ്റ് അഞ്ചിന് പദ്ധതി പ്രഖ്യാപിച്ചത്.

കാണാതായ, 14 വയസ്സില്‍ താഴെയുള്ള അമ്പതോ അതില്‍ അധികമോ കുട്ടികളെ (ഇതില്‍ 15 കുട്ടികള്‍ എട്ടുവയസ്സില്‍ താഴെയുള്ളവര്‍ ആയിരിക്കണം) കണ്ടെത്തുന്ന കോണ്‍സ്റ്റബിള്‍ അല്ലെങ്കില്‍ ഹെഡ് കോണ്‍സ്റ്റബിളിന് ഔട്ട് ഓഫ് ടേണ്‍ പ്രൊമോഷന്‍ നല്‍കുന്നതായിരുന്നു പദ്ധതി.

12 മാസത്തിനുള്ളില്‍ കുട്ടികളെ കണ്ടെത്തണമെന്ന നിബന്ധനയും ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഔട്ട് ഓഫ് ടേണ്‍ പ്രൊമോഷന്‍ ലഭിക്കുന്ന ആദ്യ വനിത പോലീസ് ഹെഡ് കോണ്‍സ്റ്റബിളാണ് സീമ.

ബോളിവുഡ് നടി റിച്ച ഛദ്ദ, ഐ.എഫ്.എസ്. ഓഫീസര്‍ പര്‍വീണ്‍ കസ്വാന്‍ തുടങ്ങി നിരവധി പേരാണ് സീമയെയും അവരുടെ സ്ത്യുത്യര്‍ഹ സേവനത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

content highlights: delhi woman cop found 76 children in three months gets out of turn promotion