ചേർത്തല: വരുമാനത്തിനുള്ള വഴികളടഞ്ഞ് പ്രതിസന്ധിയിലായ കുടുംബത്തിനുമുന്നിലേക്കാണ് ഒരു കറവപ്പശുവും കിടാരിയുമായി അവരെത്തിയത്. പശുവിനെ ഏറ്റുവാങ്ങുമ്പോൾ നിറകണ്ണുകളോടെ പ്രവീണ പറഞ്ഞു... ‘ഇത്‌ ഓഫീസറല്ല, എന്റെ കുടുംബത്തിന്റെ ദൈവമാണ്...’

വെള്ളക്കെട്ടിൽവീണ് ഗർഭിണിപ്പശു ചത്ത പട്ടണക്കാട്ടെ വീട്ടിലേക്കാണ്, ക്ഷീരവികസനവകുപ്പിലെ എൻ. ഷഹീനയുടെ ഇടപെടലിൽ പശുവെത്തിയത്. കാൻസർ ബാധിതനായ ഭർത്താവിന്റെ ചികിത്സയും രണ്ടുമക്കളുടെ പഠിപ്പും പശുവിൽനിന്നുള്ള വരുമാനം കൊണ്ടുമാത്രം നടത്തിയിരുന്ന പ്രവീണയെന്ന വീട്ടമ്മയ്ക്ക്‌ അതൊരു വലിയ ആശ്വാസമായി. ഇതൊരു കഥ മാത്രം. ചെല്ലുന്നിടത്തെല്ലാം ഇത്തരം കണ്ണീരൊപ്പുന്ന അനുഭവം കൂടെക്കൂട്ടുകയാണ് ക്ഷീരവികസനവകുപ്പ് ആലപ്പുഴ ക്വാളിറ്റി കൺട്രോൾ ഓഫീസർ എൻ. ഷഹീന. ചെങ്ങന്നൂർ വെണ്മണിയിലെ മറ്റൊരു ക്ഷീരകർഷക, ശാലിനി ദേവിക്കും ഇത്തരത്തിൽ ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിലാണ് പശുവിനെക്കിട്ടിയത്.

അമ്പലപ്പുഴയിൽ, കുളമ്പുരോഗത്താൽ മൂന്നുപശുക്കളെ നഷ്‌ടപ്പെട്ട കുടുംബത്തിനായിരുന്നു അടുത്ത സഹായം. ഇങ്ങനെ പട്ടിക നീളുന്നു. 55,000 രൂപവരെ വിലവരുന്ന പശുക്കളെയാണു നൽകുന്നത്. ഇതുകൂടാതെ പലർക്കും കാലിത്തീറ്റയും സഹായങ്ങളും എത്തിക്കുന്നുണ്ട്. ഏറ്റവും അർഹരെ കണ്ടെത്തിയാണ് പശുവിനെ നൽകുന്നത്. ‘ഇത് എന്റെ കഴിവോ സഹായമോ അല്ല. ഒരുകൂട്ടം നല്ല മനുഷ്യരുടെ കാരുണ്യമാണെന്ന്’ ഷഹീന പറഞ്ഞു.

തന്റെ സൗഹൃദങ്ങളും ബന്ധുബലമുപയോഗിച്ചാണ് അർഹരായ കുടുംബങ്ങൾക്ക് ഈ ഓഫീസർ വേഗത്തിൽതന്നെ പരിഹാരമെത്തിക്കുന്നത്. പശു ഏക വരുമാനമാർഗമായവർക്ക് അതു നഷ്ടപ്പെട്ടാൽ എല്ലാം തകരും. ഇതിനു പരിഹാരമായാണ് കറവപ്പശുവിനെ വാങ്ങിനൽകുന്നത്. ഷഹീന ആലപ്പുഴയിലെത്തിയിട്ട് ഒരു വർഷമാകുന്നതേയുള്ളു. ആലുവ സ്വദേശിനിയാണ്. 2018-ലെ പ്രളയകാലത്ത് ആലങ്ങാട് ബ്ലോക്കിൽമാത്രം അർഹരായവർക്കു വ്യക്തികളുടെയും സംഘടനകളുടെയും സഹായത്താൽ 100 പശുക്കളെ നൽകിയപ്പോഴും മുൻനിരയിൽ ഈ ഓഫീസറുണ്ടായിരുന്നു. വകുപ്പുവഴിയുള്ള സഹായങ്ങൾക്കായി ക്രമീകരണങ്ങൾ ഒരുക്കുന്നതിനിടയിലാണ് അടിയന്തര സഹായം നൽകിയത്‌. വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരും നിറഞ്ഞപിന്തുണയും സഹകരണവുമാണ് നൽകുന്നത്.

content highlights: Dairy officer offers milking cows to persons with nil income