പെരിഞ്ഞനം(തൃശ്ശൂര്‍): ജീവിതസാഹചര്യങ്ങള്‍കൊണ്ട് സ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടിവന്ന ദമ്പതിമാര്‍, ഒരുമിച്ച് പഠിച്ച് പത്താംതരം തുല്യതാ പരീക്ഷ എഴുതി. പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ്. സ്‌കൂളില്‍ തിങ്കളാഴ്ച ആരംഭിച്ച പരീക്ഷയാണ് ദമ്പതിമാരും മൂന്നുപീടിക സ്വദേശികളുമായ വേളയില്‍ നസീറും ഭാര്യ സല്‍മയും ഒരുമിച്ചെഴുതിയത്.

നാല്‍പ്പത്തിയേഴുകാരനായ നസീറിനും മുപ്പത്തിയാറുകാരി സല്‍മയ്ക്കും സാമ്പത്തിക ബുദ്ധിമുട്ടുകളാണ് പഠനത്തിന് തടസ്സമായത്. അതോടെ ഒമ്പതാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു.

വിവാഹിതരായശേഷമാണ് തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം ഇരുവര്‍ക്കുമുണ്ടാമത്. ഉപജീവനമാര്‍ഗ്ഗം തേടിയുള്ള അലച്ചിലിനിടയില്‍ മൂന്നുപീടികയിലെ ഒരു ഇലക്ട്രിക് മെക്കാനിക്കല്‍ ഷോപ്പില്‍ സല്‍മ ഓഫീസ് സ്റ്റാഫായി. നസീര്‍ സാമൂഹികപ്രവര്‍ത്തനരംഗത്തേക്കും തിരിഞ്ഞു. കടയിലെ ഇലക്ട്രിക് ഉപകരണങ്ങളുടെ വൈന്‍ഡിങ് ജോലികളും റിപ്പയറിങ്ങുമെല്ലാം കണ്ടുപഠിച്ച സല്‍മ ദിവസങ്ങള്‍ക്കകം വൈന്‍ഡിങ് ഉള്‍പ്പെടെയുള്ളവയില്‍ കഴിവ് തെളിയിച്ചു.

വനിതകള്‍ അധികം കടന്നുചെല്ലാത്ത മേഖലയായതിനാല്‍ സല്‍മ മികച്ച 'റിപ്പയറിങ് വുമന്‍' ആയി മാറി. അതോടെ ആത്മവിശ്വാസവും ഇരട്ടിയായി. സാങ്കേതികമേഖല തനിക്ക് വഴങ്ങുമെന്ന തിരിച്ചറിവ് സല്‍മയുടെ തുടര്‍പഠനത്തിന് വഴിയൊരുക്കി. എന്നാല്‍, ഐ.ടി.ഐ. ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ അടിസ്ഥാന വിദ്യാഭ്യാസയോഗ്യത നിര്‍ബന്ധമായതോടെയാണ് പത്താംതരം തുല്യതാ പരീക്ഷയെഴുതാന്‍ തീരുമാനിച്ചത്. നസീറും ഒപ്പം ചേര്‍ന്നു.

മതിലകം ബ്ലോക്ക് സാക്ഷരതാ പ്രേരക് സജിതയുടെ നിര്‍ദേശപ്രകാരം ഓണ്‍ലൈന്‍ ക്ലാസില്‍ ഇരുവരും മത്സരിച്ച് പഠിച്ചു. കടയിലെ തിരക്കുകള്‍ കഴിഞ്ഞ് രാത്രി വൈകിയാണ് പഠിക്കാന്‍ സമയം കണ്ടെത്തുന്നതെങ്കിലും, മികച്ച വിജയപ്രതീക്ഷയാണ് ഇരുവര്‍ക്കും.

content highlights: couple together attends 10th standard equivalency exam