തൃശ്ശൂര്‍: സൈന്യത്തില്‍ ഡ്രൈവറായി വിരമിച്ചതാണ് വര്‍ഗീസ്. ഭാര്യ ഫിലോമിന സ്‌കൂള്‍ അധ്യാപികയും. സമൂഹത്തിന് എന്തു നല്‍കാനാകും എന്ന ചോദ്യത്തിനുത്തരമായി ഇവര്‍ നിര്‍മിച്ചുനല്‍കിയത് അഞ്ചു വീടുകള്‍.
മൂന്നുസെന്റു വീതം ഭൂമിയില്‍ 600 ചതുരശ്രയടിയില്‍ അഞ്ചു കോണ്‍ക്രീറ്റ് വീടുകളുടെ താക്കോല്‍ അര്‍ഹരായ കുടുംബങ്ങള്‍ക്കു കൈമാറി. പുതുവത്സരത്തിലെ ഈ സത്കര്‍മം ലോകത്തെ അറിയിച്ച് പ്രശസ്തി നേടാനും എണ്‍പതിലെത്തിയ ഈ ദമ്പതിമാര്‍ ശ്രമിച്ചില്ല.
കുട്ടിക്കാലത്തു ദാരിദ്ര്യം കാരണം സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാനായില്ല കൊരട്ടി വര്‍ഗീസിന്. 22-ാം വയസ്സില്‍ സൈന്യത്തില്‍ ഡ്രൈവറായി. 1965-ലെ ഇന്ത്യാ-പാക് യുദ്ധത്തിലും 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിലും പങ്കാളിയായി. വിരമിച്ചശേഷം നാട്ടിലെത്തി കൃഷിചെയ്തു. തൃശ്ശൂര്‍ വേലൂരിനടുത്ത് തെങ്ങാലൂരിലാണ് വീടും കൃഷിയും.
ഭാര്യ ഫിലോമിന തിരൂര്‍ സെയ്ന്റ് തോമസ് സ്‌കൂളില്‍ ക്രാഫ്റ്റ് അധ്യാപികയായിരുന്നു. നാലുമക്കളുണ്ട്. എല്ലാവരും നല്ല നിലയില്‍. മാതാപിതാക്കളുടെ തീരുമാനത്തിന് മക്കളെല്ലാം പൂര്‍ണ പിന്തുണ നല്‍കി. വീടിനോടുചേര്‍ന്ന 15 സെന്റില്‍ അഞ്ചു വീടുകള്‍.
ഓരോ വീടിനും ഏഴുലക്ഷം വീതം ചെലവിട്ടു. വര്‍ഗീസിന് സ്വന്തമായി തടിമില്ലുണ്ട്. ഇവിടെനിന്നുള്ള തടിയും നിര്‍മാണത്തിനുപയോഗിച്ചു. അന്‍പതോളം അപേക്ഷകള്‍ കിട്ടി. വിവരങ്ങള്‍ കൃത്യമായി തിരക്കിയ ശേഷം അര്‍ഹരായ അഞ്ചു കുടുംബങ്ങളെ കണ്ടെത്തി.
content highlights: couple builts and donates five houses to five families in thrissur