കാഞ്ഞങ്ങാട്: സാന്താക്ലോസ് വേഷവുമായി ക്രിസ്മസ് തലേന്ന് ആടിയും പാടിയും അവർ വീടുകളിലെത്തി. ഓരോ വീട്ടിൽനിന്നും കിട്ടിയ പത്തും ഇരുപതും അൻപതും രൂപയും നാണയത്തുട്ടുകളുമെല്ലാം എണ്ണിത്തിട്ടപ്പെടുത്തിയശേഷം ഈ കുട്ടിസംഘം മറ്റൊന്നും ആലോചിച്ചില്ല, നേരേ കാഞ്ഞങ്ങാട് നന്മമരം പ്രവർത്തകരുടെ അടുത്തെത്തി. 'ഇതാ ഈ പണം തെരുവിൽ കഴിയുന്ന അനാഥർക്കുള്ള അന്നദാനത്തിന് എടുത്തോ.' ഒരുകൂട്ടം കുട്ടികളുടെ വാക്കുകളിൽ സ്നേഹം തുളുമ്പി. നന്മമരം പ്രസിഡന്റ് സലാം കേരള ഉടൻ മറ്റു പ്രവർത്തകരെ വിവരമറിയിച്ചു.

ഈ നന്മയെ ഒറ്റവരി അനുമോദനത്തിൽ ഒതുക്കേണ്ടെന്ന് അവരും തീരുമാനിച്ചു. കാഞ്ഞങ്ങാട് നന്മമരച്ചുവട്ടിൽ കുട്ടികളെ അനുമോദിക്കാൻ ഡിവൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണനെത്തി. മാതൃകാപ്രവർത്തനമെന്നു വിശേഷിപ്പിച്ച അദ്ദേഹം ഓരോ കുട്ടിയെയും അനുമോദിച്ചു.

കുശാൽനഗർ കടിക്കാലിലെ ശ്രേയസ്, പ്രണവ്, അമൃത്, ഋതിക, അമർനാഥ്, ഗോകുൽ, അഭയ്‌ദേവ്, കിരൺ, പ്രണവ്ജിത്ത്, കൗശിക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അനുമോദനച്ചടങ്ങിൽ സലാം കേരള അധ്യക്ഷനായി. നന്മമരം രക്ഷാധികാരി ടി.കെ.നാരായണനും ട്രഷറർ ഉണ്ണികൃഷ്ണൻ കിനാനൂരും കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. സെക്രട്ടറി എൻ.ഗംഗാധരൻ, സി.പി.ശുഭ, ബിബി കെ.ജോസ്, മൊയ്തു പടന്നക്കാട്, വിനോദ് താനത്തിങ്കാൽ എന്നിവർ സംസാരിച്ചു. രണ്ടുവർഷത്തോളമായി തെരുവിൽ കഴിയുന്നവർക്ക് എല്ലാദിവസവും അന്നദാനം നൽകുന്ന സന്നദ്ധ സംഘടനയാണ് കാഞ്ഞങ്ങാട്ടെ നന്മമരം. ഒട്ടേറെ ചികിത്സാസഹായങ്ങൾ, വീട്‌ നിർമിക്കാനുള്ള കൈത്താങ്ങ്, ആസ്പത്രിയിൽ ഒറ്റപ്പെട്ടുപോകുന്നവർക്കുള്ള സാന്ത്വനം തുടങ്ങി വിവിധങ്ങളായ കാരുണ്യപ്രവൃത്തികളും നന്മമരം പ്രവർത്തകർ നടത്തുന്നു.

Content Highlights: Children donate their earnings to orphanage