sr akhil raj
എസ്.ആര്‍. അഖില്‍രാജ്

വടകര: ''ഞാനെന്റെ മോഹങ്ങളെയൊരു കയറാല്‍ബന്ധിച്ചു, എന്നിട്ടും അവ ഓടാന്‍ തുടങ്ങവെ ഞാനവയെ ചങ്ങലയില്‍ ബന്ധിച്ചു'' അഖില്‍ രാജിന്റെ 'മോഹങ്ങള്‍' എന്ന കവിതയുടെ ആദ്യവരികളാണിത്. സെറിബ്രല്‍ പാള്‍സി തീര്‍ത്ത പരിമിതികളിലും അഖിലിന്റെ നിശ്ചയദാര്‍ഢ്യത്തിനുമുമ്പില്‍ പ്രതിബന്ധങ്ങള്‍ വഴിമാറുകയാണ്. 

സോഷ്യോളജിയില്‍ ബിരുദം കരസ്ഥമാക്കിയ വടകര പുളിക്കൂല്‍താഴെ ഹരീഷ് വില്ലയില്‍ എസ്.ആര്‍. അഖില്‍രാജ് സ്വപ്നങ്ങളിലേക്ക് കടക്കുകയാണ്. വടകര ശ്രീസാഗര്‍ കോളേജില്‍നിന്ന് മൂന്നുവര്‍ഷത്തെ റെഗുലര്‍ ബാച്ചില്‍ പഠിച്ചാണ് ബിരുദം നേടിയത്. സാക്ഷരതാമിഷന്റെ തുല്യതാപരീക്ഷയിലൂടെയാണ് എസ്.എസ്.എല്‍.സി.യും പ്ലസ്ടുവും പൂര്‍ത്തിയാക്കിയത്.

അഖിലിന്റെ അച്ഛന്‍ രാജന് ഗള്‍ഫിലായിരുന്നു ജോലി. അസുഖം കാരണം നാട്ടിലെത്തിയിട്ടു കുറച്ചുനാളായി. ഏക മകന്‍ അഖിലിന്റെ കാര്യങ്ങള്‍ക്കായുള്ള ഓട്ടത്തിലാണ് അച്ഛന്‍ രാജനും അമ്മ സജിതയും. രക്ഷിതാക്കളുടെ ബുദ്ധിമുട്ടുകൂടി മനസ്സിലാക്കിയാണ് അഖില്‍ പഠനംവിടാതെ മുന്നോട്ടുകൊണ്ടുപോയതും. 

ലൈബ്രേറിയനാകണമെന്നാണ് അഖിലിന്റെ ആഗ്രഹം. ഒരു സ്ഥിരവരുമാനവും തനിക്കേറെ ഇഷ്ടമുള്ള പുസ്തകളുടെ ലോകത്ത് ജീവിക്കാമെന്നതും ലൈബ്രേറിയന്‍ ആകണമെന്ന ആഗ്രഹത്തിന്റെ പിന്‍ബലം. ലൈബ്രേറിയന്‍ കോഴ്‌സ് ചെയ്യാനുള്ള സൗകര്യം അടുത്തെവിടെയും ഇല്ല എന്നത് അഖിലിനെ വിഷമിപ്പിക്കുണ്ട്. 

കുടുംബത്തിലെ സാമ്പത്തികപ്രയാസങ്ങളും ജോലിയെന്ന സ്വപ്നവും എല്ലാവര്‍ക്കും കാണുമെന്നും തനിക്ക് അതിനൊപ്പം സെറിബ്രല്‍ പാള്‍സിയോടുകൂടി മല്ലിടേണ്ടിവരുന്നതാണ് ശ്രമകരമെന്നും അഖില്‍ പറയുന്നു. മൂന്ന് കവിതാസമാഹാരങ്ങളും ഒരു തിരക്കഥയും തയ്യാറാക്കിയിട്ടുണ്ട്.

content highlights: cerebral palsy affected sr akhil raj success story