ചെങ്ങന്നൂര്‍: പതിമ്മൂന്നുവര്‍ഷമായി കൂടെക്കൂടിയ കാന്‍സര്‍ വേദനിപ്പിക്കുമ്പോഴും കാടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതിന്റെ ആഹ്ലാദത്തിലാണു ഷാജി. കുടുംബസ്വത്തായി കിട്ടിയ പത്തുസെന്റ് ഭൂമി കാടൊരുക്കാന്‍ പരിസ്ഥിതി സംഘടനയ്ക്കു വിട്ടുനല്‍കി, കാരയ്ക്കാട് കോമളത്ത് വീട്ടില്‍ കെ. ഷാജിയെന്ന അമ്പത്തിനാലുകാരന്‍.
കീമോതെറാപ്പി ചെയ്തതിന്റെ ബാക്കിപത്രമായി ദേഹമാകെ നീരുണ്ട്. കൈവെള്ളയിലെ തൊലി പൊള്ളിയിളകി ചോര പൊടിയുന്നുണ്ട്. എങ്കിലും ഷാജി പാടുന്നു: ''അര്‍ബുദമേ പ്രാണന്‍ നീയെടുത്തുകൊള്‍ക, കരള്‍ കാടിനു നല്‍കിയല്ലോ...'' 36 വര്‍ഷമായി മനസ്സില്‍ സൂക്ഷിക്കുന്നതാണ് ഷാജി കാടിനോടുള്ള പ്രണയം.
ഷാജിക്ക് പ്രകൃതിസ്‌നേഹം പ്രകടിപ്പിക്കാനുള്ളതല്ല. 1983-ല്‍ പന്തളം എന്‍.എസ്.എസ്. കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോഴാണ് ഷാജിക്ക് ആ പ്രണയം തുടങ്ങുന്നത്. ആള്‍ക്കൂട്ടം എന്ന കൂട്ടായ്മയുടെ പരിപാടിയില്‍ കവി ഡി. വിനയചന്ദ്രന്റെ 'കാടിന് ഞാനെന്തു പേരിടും... കാടിനു ഞാനെന്റെ പേരിടും' എന്ന കവിത വല്ലാതെ ഉലച്ചു.
എല്ലാവരും കാട് കൈയേറുമ്പോള്‍ പ്രായശ്ചിത്തമായി കാടിനെ നാട്ടിലേക്കു കുടിയിരുത്തണമെന്ന് അന്ന് മനസ്സില്‍ കുറിച്ചു. അരീക്കരയിലെ പിതൃസ്വത്ത് കിട്ടിയപ്പോള്‍ കാടൊരുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വര്‍ഷങ്ങള്‍ നീണ്ട വിദേശവാസത്തിലും കാടിനോടുള്ള പ്രണയം മാഞ്ഞില്ല.
വയറിന്റെ അസ്വസ്ഥതയില്‍ തുടങ്ങി ശരീരമാകെ വേദന വ്യാപിച്ചതോടെ നാട്ടിലേക്കു മടങ്ങി. പരിശോധനയില്‍ അര്‍ബുദമെന്നു മനസ്സിലായി. മൂന്നു വര്‍ഷമായി ചികിത്സയിലാണ്.
അടുത്തിടെയാണ് മകള്‍ പഠിക്കുന്ന ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ കുട്ടികള്‍ കാടൊരുക്കുന്ന വിവരമറിഞ്ഞത്. അധ്യാപകനായ ആര്‍. അഭിലാഷിനെ ബന്ധപ്പെട്ട് ആവശ്യമറിയിച്ചു. ആകെയുള്ള പത്ത് സെന്റ് കാടൊരുക്കാന്‍ കൊടുക്കുന്നതിന് കുടുംബത്തിലാരും ആദ്യം സമ്മതിച്ചില്ല. ചികിത്സയ്ക്കായി സ്ഥലം വില്‍ക്കുകയാണു നല്ലതെന്നായിരുന്നു ഇവരുടെ നിലപാട്. പക്ഷേ, ഷാജിയുടെ വാശിക്കുമുന്നില്‍ എല്ലാവരും കീഴടങ്ങി.
സംവിധായകന്‍ ജയരാജ് നേതൃത്വം നല്‍കുന്ന ജയരാജ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ബേഡ്സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ (ബി.സി.ഐ.) എന്ന സംഘടനയാണു കാടൊരുക്കുന്നത്. കഴിഞ്ഞദിവസം സംവിധായകന്‍ ജയരാജ് നേരിട്ടെത്തി ഷാജി നല്‍കിയ ഭൂമിയില്‍ മരം നടീലിനു തുടക്കംകുറിച്ചു. നാടന്‍ വൃക്ഷങ്ങളും വള്ളിച്ചെടികളും ചിത്രശലഭങ്ങളെ ആകര്‍ഷിക്കുന്ന സസ്യങ്ങളും നട്ടുപിടിപ്പിക്കും.
content highlights: cancer patient donates 10 cent land for manmade forest