കാളികാവ്: സഹപ്രവർത്തകന്റെ മക്കളുടെ ജീവൻ രക്ഷിക്കാൻ അവർ കുതിച്ചു. കാരുണ്യവഴിയിലെ ആ യാത്രയിൽ നാട്ടുകാരും കൈയയച്ചു സംഭാവന നൽകി. എട്ടുബസ്സുകൾചേർന്ന് ‌ഒറ്റദിവസം സമാഹരിച്ചത് ആറരലക്ഷം രൂപ!. പക്ഷേ, അതുപോരാ. രണ്ടു പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഒരു കോടി 30 ലക്ഷം രൂപവേണം. അതിനുള്ള പരിശ്രമത്തിലാണ് നാട്ടുകാർ.

കരുവാരക്കുണ്ടിലെ സ്വകാര്യ ബസ് ഡ്രൈവർ ചീരത്തടത്തിൽ നജ്മുദ്ദീന്റെ മക്കളായ ഇഷാ നൗറിൻ (11), ഒന്നരവയസ്സുകാരി ഇവാന എന്നിവർക്കുവേണ്ടിയാണ് സ്വകാര്യബസുകൾ ഓടിയത്. ഇഷയുടെ വൃക്കയും കരളും മാറ്റിവെക്കണം. ഇവാനയുടെയും കരൾ മാറ്റിവെക്കണം. എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് സഹോദരിമാർ.

കാളികാവ് -കരുവാരക്കുണ്ട് റൂട്ടിൽ ഓടുന്ന എട്ടു ബസുകളാണ് ഒരുദിവസത്തെ കളക്ഷൻ കുട്ടികൾക്കായി മാറ്റിവെച്ചത്. ടിക്കറ്റുകൾ മാറ്റിവെച്ചു കണ്ടക്ടർമാരും ചികിത്സാ സഹായസമിതി ഭാരവാഹികളും യാത്രക്കാർക്കു മുന്നിലേക്ക് ബക്കറ്റു നീട്ടി. പലരും കൈയിലുള്ളതെല്ലാം നൽകി.

കൈയിൽ പണം കരുതാത്തവർ ഓൺലൈനായയച്ചു. വൈകീട്ടായപ്പോൾ സംഭാവന 6,43,472 രൂപയായി. കുട്ടികളുടെ പിതാവായ നജ്മുദ്ദീൻ ഓടിക്കുന്ന ബിസ്മില്ല ബസിൽനിന്നാണ് കൂടുതൽ പണംകിട്ടിയത്. 1,46,700 രൂപ. സൂപ്പർ ജെറ്റ് 1,39,879, കുരിക്കൾ 88,450, സേഫ്റ്റി 86,333, തസ്നീം 69,700, മക്ക 44,430, എയ്ഞ്ചൽ 34,600, യാത്ര 33,660 എന്നിങ്ങനെയാണ് മറ്റു ബസുകളിൽനിന്നു കിട്ടിയത്.

ധനശേഖരണത്തിന് കരുവാരക്കുണ്ട് സംയുക്ത ബസ് തൊഴിലാളി യൂണിയൻ പ്രസിഡന്റ് നവാസ് പൂവിൽ, സെക്രട്ടറി ഷഫീഖ് പുഴയ്ക്കൽ, സുരേഷ് കുമാർ തുവ്വൂർ, സത്താർ തുവ്വൂർ, ശ്രീജീൻ കിളിക്കുന്ന്, റയീസ് കിളിക്കുന്ന്, ബസ് ഓണേഴ്‌സ് യൂണിറ്റ് പ്രസിഡന്റ് റൗഫ് കരുവാരക്കുണ്ട് തുടങ്ങിയവർ നേതൃത്വംനൽകി.

കുട്ടികളെ സഹായിക്കാൻ ഫെഡറൽ ബാങ്ക് കരുവാരക്കുണ്ട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 16300200002471, ഐ.എഫ്.എസ്‌.സി. FDRL0001630.

ബസ്‌ ഓടിച്ച് സഹപ്രവർത്തകർ നൽകിയത് 2.6 ലക്ഷം

രോഗംമൂലം ജീവിതം ചോദ്യചിഹ്നമായി മാറിയ പഴയ സഹപ്രവർത്തകനുവേണ്ടി ബസ് ജീവനക്കാർ നടത്തിയ കാരുണ്യ യാത്രയിൽ ഒറ്റദിവസംകൊണ്ട് ലഭിച്ചത് 2.6 ലക്ഷംരൂപ. എടപ്പാൾ-പട്ടാമ്പി റോഡിലെ വിവിധ ബസുകളിലെ ഡ്രൈവറായിരുന്ന പൂക്കരത്തറ താഴത്തേൽപ്പടി പ്രമോദി (43)ന്റെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനായാരുന്നു യാത്ര. പൊന്നാനി താലൂക്കിലെ 30 ബസുകളാണ് ദൗത്യത്തിനിറങ്ങിയത്. ഏതാനും വർഷംമുൻപുവരെ തങ്ങളെപ്പോലെ വളയംപിടിച്ച് യാത്രക്കാരുമായി കുതിച്ചിരുന്ന സഹപ്രവർത്തകനെ ജീവിതത്തിലേക്ക് വീണ്ടും കൈപിടിച്ചുയർത്താനാണ് ബസുടമകളും സഹപ്രവർത്തകരും ശമ്പളവും ലാഭവുമെല്ലാമുപേക്ഷിച്ച് ടിക്കറ്റില്ലാ യാത്ര നടത്തിയത്. പത്തുരൂപാ ദൂരത്തേക്ക് യാത്രചെയ്യാൻ കയറിയവർ അന്പതും നൂറും മുതൽ അഞ്ഞൂറു രൂപവരെ ബസുകളിലെ സംഭാവനപ്പെട്ടിയിലിട്ടു.

സംയുക്ത ബസുടമസ്ഥസംഘം ഭാരവാഹികളായ സുജീഷ് അമ്പാടി, കെ.കെ.ബി. ബാലൻ, ശശി, റഷീദ്, ബാബു, കുട്ടൻ ചികിത്സാസഹായ സമിതിഭാരവാഹികളായ ആഷിഫ് പൂക്കരത്തറ, കുമാരൻ അരിയാടത്ത്, ഹനീഫ എന്നിവരുംചേർന്ന് തുക കുടുംബാംഗങ്ങൾക്ക് കൈമാറി.