എടക്കര(മലപ്പുറം): ചെറിയക്ലാസുകളില്‍ പഠനം അവസാനിപ്പിച്ച് ഗോത്രവര്‍ഗ ഊരുകളില്‍ ഒതുങ്ങിയ കുട്ടികളെ വിദ്യയുടെ ലോകത്തേക്ക് തിരിച്ചെത്തിച്ച എടക്കരയിലെ എക്സൈസ് ജീവനക്കാര്‍ക്ക് ആഹ്ലാദിക്കാം.

ആദ്യവര്‍ഷം തന്നെ അവരുടെ ശ്രമത്തിന് മികച്ച ഫലം. ഉപ്പട മലച്ചി കോളനിയിലെ ബിന്ദുവാണ് പത്താംക്ലാസില്‍ 75 ശതമാനം മാര്‍ക്കോടെ മികച്ചവിജയം നേടിയത്.

ഉള്‍വനങ്ങളിലെ പട്ടികവര്‍ഗ കോളനികളില്‍ നിന്നും പഠനം ഉപേക്ഷിച്ച പത്ത് കുട്ടികളെയാണ് ഇവര്‍ കഴിഞ്ഞവര്‍ഷം പഠനവഴിയിലേക്ക് തിരിച്ചെത്തിച്ചത്. പോത്തുകല്ല് പഞ്ചായത്തിലെ ഉള്‍വനങ്ങളിലെ കോളനികളായ വാണിയംപുഴ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള ഇവരെ മണിമൂളി ക്രൈസ്റ്റ് കിങ് ഹൈസ്‌കൂളില്‍ ചേര്‍ക്കുകയും സമീപത്തെ പട്ടികവര്‍ഗ ഹോസ്റ്റലില്‍ താമസം ഒരുക്കുകയും ചെയ്തു.

രണ്ടുവര്‍ഷം മുന്‍പ് പഠനം ഉപേക്ഷിച്ച ബിന്ദുവും ഇവരില്‍ ഉള്‍പ്പെട്ടിരുന്നു. മറ്റ് കുട്ടികള്‍ വിവിധ ക്ലാസുകളിലാണ് പഠിക്കുന്നത്. കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ ഏറെ പരിശ്രമങ്ങള്‍ ഇവര്‍ക്ക് ചെയ്യേണ്ടിവന്നു. മുഴുവന്‍ പഠനച്ചെലവുകളും ഓഫീസിലെ ജീവനക്കാരാണ് വഹിച്ചത്.

മലച്ചി കോളനിയില്‍ നടന്ന ചടങ്ങില്‍ ബിന്ദുവിന് പ്ലസ് വണ്‍ പഠനത്തിന് ആവശ്യമായ ബാഗ് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ സമ്മാനമായി നല്‍കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. അബൂബക്കര്‍ സിദ്ദീഖ്, പ്രിവന്റീവ് ഓഫീസര്‍ പി. രാമചന്ദ്രന്‍, ബി. ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എസ്. ദിനേശ്, കെ.വി. വിപിന്‍, ഫെസിലിറ്റേറ്റര്‍ സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

content highlights: bindu tenth standard student from uppada malachi colony scores high in exam