ബാലുശ്ശേരി: മാർഗദർശികളായി മുന്നിൽനിൽക്കുന്ന രക്ഷിതാക്കളും കുടുംബത്തിന്റെ തണലുമാണ് ജീവിതയാത്രയിൽ പലർക്കും തുണയാവുന്നത്. പക്ഷേ, രക്ഷിതാക്കൾ വഴിപിരിഞ്ഞു പോയപ്പോൾ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ബാലുശ്ശേരിലെ തൃക്കുറ്റിശ്ശേരി സ്വദേശികളായ ആര്യയ്ക്കും അനുരൂപയ്ക്കും പോലീസുകാരാണ് തണലേകുന്നത്.

ബാലുശ്ശേരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ശ്രീജയും റഷീദുമാണ് ഈ പെൺകുട്ടികളുടെ രക്ഷാകർതൃ സ്ഥാനത്തിപ്പോൾ. ആര്യയ്ക്കും അനുരൂപയ്ക്കും രക്ഷാകർത്താക്കളായി ഇവരുടെ പഠനത്തിന്റെയും മറ്റ് ചെലവുകളും വഹിച്ച് ബാലുശ്ശേരി പോലീസിലെ എല്ലാവരും ഇവർക്കൊപ്പമുണ്ട്. ബാലുശ്ശേരി സ്റ്റേഷനിലെ പോലീസുകാരുടെ കൂട്ടായ്മ പുതിയമാതൃക തീർക്കുകയാണ്.

ജീവിതത്തിനേൽക്കാവുന്ന ഏറ്റവും ആഴമേറിയ മുറിവാണ് അനാഥത്വമെന്നും നമ്മൾ ആദ്യം മരുന്ന് നൽകേണ്ടത് ഈ മുറിവിനാണെന്നും ബാലുശ്ശേരി പോലീസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന സി.ഐ. സുഷീർ പറയുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലും ടൈപ്പിങ്‌ പഠനത്തിന്റെയും തിരക്കുകളിലാണ് ആര്യയും അനുരൂപയുമിപ്പോൾ.

കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ ചരിത്രത്തിൽ ആദ്യമായി ഇത്തരമൊരു ദൗത്യമേറ്റെടുത്ത ബാലുശ്ശേരി പോലീസ് സ്റ്റേഷനെ ഡി.ജി.പി. അടക്കവുള്ളവർ അനുമോദിച്ചിട്ടുണ്ട്. 2017 സെപ്റ്റംബർ 21-നാണ് ആര്യയുടെയും അനുരൂപയുടെയും രക്ഷാകർതൃത്വ സ്ഥാനത്തേക്ക് ബാലുശ്ശേരി പോലീസ് ഏറ്റെടുത്തത്.

സഹായമനസ്കരായ ആളുകൾക്ക് അനുരൂപ രാമൻ എന്ന പേരിൽ കനറ ബാങ്ക് ബാലുശ്ശേരി ശാഖയിലെ അക്കൗണ്ട് വഴി സഹായം നൽകാൻ കഴിയും. അക്കൗണ്ട് നമ്പർ: 0841101137851. ഐ.എഫ്.എസ്.സി. കോഡ്: cnrb0000841 എന്നിങ്ങനെയാണ്. കൂടുതൽ സഹായം നൽകാൻ താത്‌പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാലുശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാവുന്നതാണ്.

content highlights: Balusseri police takes guardianship of arya and anuroopa