മറയൂർ: കേരള അതിർത്തിയിൽ ഉദുമൽപേട്ട ടൗണിൽ വഴിയിൽ കിടന്നുകിട്ടിയ എട്ടുലക്ഷം രൂപയുടെ 32 പവൻ സ്വർണം പോലീസിൽ തിരികെ ഏൽപ്പിച്ച് ഓട്ടോഡ്രൈവർ മാതൃകയായി. താരാപുരം ശിവശക്തി കോളനി അൻപുനഗർ സ്വദേശി ഓട്ടോ ഡ്രൈവറായ മണികണ്ഠ(29)നാണ് സ്വർണം തിരികെ ഏൽപ്പിച്ചത്.

ഉദുമൽപേട്ട യു.കെ.പി. നഗർ സ്വദേശി നൂൽ വ്യാപാരിയായ ശരവണൻ, ഭാര്യ ലക്ഷ്മിപ്രഭയുമായി തിരുപ്പൂരിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവെയാണ് ഉദുമൽപേട്ടയിൽ വെച്ച് സ്വർണം നഷ്ടപ്പെട്ടത്.

തിരുപ്പൂരിൽനിന്നു തിരികെവരുന്ന വഴി സുരക്ഷകരുതി അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ ഊരി പഴ്സിൽെ വയ്ക്കുകയായിരുന്നു. ടൗണിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് ഓട്ടോയിൽ പോയപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ടത്.  ബന്ധുവീട്ടിലെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടത് മനസ്സിലായത്. വന്ന വഴികളിലെല്ലാം തിരക്കിയെങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞില്ല.

രാത്രി 10.30-ന് അതുവഴി വന്ന മണികണ്ഠന് സ്വർണ ഉരുപ്പടിയുള്ള പഴ്സ് കിട്ടി. പരിചയമുള്ള പോലീസുകാരനെ വിവരമറിയിച്ച മണികണ്ഠൻ ചൊവ്വാഴ്ച രാവിലെ ഉദുമൽപേട്ട പോലീസ് സ്റ്റേഷനിൽ സ്വർണവുമായി എത്തി. ഈ സമയത്ത് സ്വർണം നഷ്ടപ്പെട്ടതിൽ പരാതിയുമായി ശരവണനും എത്തി. എസ്.ഐ. ഓംപ്രകാശിന്റെ കൈയിൽ മണികണ്ഠൻ ഏൽപ്പിച്ച സ്വർണം ഉടമസ്ഥനെ തിരികെ ഏൽപ്പിച്ചു. മണികണ്ഠനെ ആദരിച്ചും പാരിതോഷികങ്ങൾ നല്കിയുമാണ് മടക്കി അയച്ചത്.

content highlights: autodriver returns gold worth eight lakh to owner