മലപ്പുറം: കാല്‍നടയാത്രക്കാര്‍ക്കും യാത്രക്കാര്‍ക്കും കണ്ണിനു കുളിര്‍മയേകാന്‍ പൂന്തോട്ടമൊരുക്കി ഓട്ടോ തൊഴിലാളികള്‍. കുന്നുമ്മല്‍ മഞ്ചേരി റോഡില്‍ ഓട്ടോ സ്റ്റാന്‍ഡിലാണ് യാത്രക്കാര്‍ക്ക് സന്തോഷം പകരാന്‍ ഓട്ടോ തൊഴിലാളികള്‍ ചെടികള്‍ വെച്ചുപിടിപ്പിച്ചിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിന് സമീപം നടപ്പാതയ്ക്ക് അരികിലായാണ് നാല്‍പ്പതോളം കവറുകളില്‍ വിവിധതരം ചെടികളും പച്ചക്കറികളും നട്ടിരിക്കുന്നത്. ചെടികളില്‍ പലതും പൂവിട്ട് ചെറിയ പൂപ്പാതയായിരിക്കുകയാണ് സ്ഥലം.

ഓരോചെടികളും ഓരോ ആളുകളുടെ സംഭാവനയാണ്. കോവിഡ് പ്രതിസന്ധി കാരണം നാലുമാസത്തിലധികമായി ഓട്ടം കുറഞ്ഞിട്ട്. അപ്പോഴാണ് വഴിയോരത്ത് യാത്രക്കാരെ സന്തോഷിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന കാര്യം ഓട്ടോക്കാര്‍ ചിന്തിച്ചത്. അങ്ങനെ നടപ്പാതയില്‍ ചെടികള്‍വെക്കാന്‍ നിശ്ചയിക്കുകയായിരുന്നു.

ആശയം ഓട്ടോയില്‍ സ്ഥിരംസഞ്ചരിക്കുന്ന പരിചയമുള്ള യാത്രക്കാരോടും പങ്കുവെച്ചു. യാത്രക്കാരും ആശയത്തോട് യോജിച്ചു. സ്ഥിരം യാത്രക്കാരായ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ രണ്ടു വനിതാജീവനക്കാരാണ് ആദ്യമായി നട്ടുവളര്‍ത്താനുള്ള ചെടിയുടെ വിത്ത് നല്‍കിയത്. നടുന്നതിനുള്ള മണ്ണും കവറും തൊഴിലാളികള്‍ സ്വന്തംനിലയില്‍ സംഘടിപ്പിച്ചു.

സംഭവം ഗംഭീരമായി എന്ന് മനസ്സിലായതോടെ ഓരോ ഓട്ടോ തൊഴിലാളികളും സ്വന്തംനിലയില്‍ ചെടികള്‍ സ്ഥലത്തെത്തിച്ചു. ഇപ്പോള്‍ റോസ്, കോസ്‌മോസ്, പത്തുമണി മുല്ല, മാസംമാറി തുടങ്ങിയ ഇരുപതോളം ഇനത്തില്‍പ്പെട്ട ചെടികള്‍ യാത്രക്കാര്‍ക്കായി വിരിഞ്ഞുനില്‍ക്കുന്നുണ്ട്.

വെള്ളരി, പടവലം തുടങ്ങിയ പച്ചക്കറികളും വളര്‍ത്തുന്നുണ്ട്. സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യ കെട്ടിടത്തില്‍നിന്ന് വെള്ളം കൊണ്ടുവന്ന് രാവിലെയും വൈകീട്ടും നനച്ച് പരിപാലിക്കും. ഓട്ടോ തൊഴിലാളികളായ അസീസ് ഇരുമ്പുഴി, ശുക്കൂര്‍, സെക്കീര്‍, കുട്ടന്‍, പ്രേമന്‍ തുടങ്ങിയവരാണ് പരിപാലനത്തിന് മുന്നിലുള്ളത്.

ലോക്ഡൗണ്‍ പ്രശ്നമാകും

നിലവില്‍ ഓട്ടോക്കാര്‍ സ്റ്റാന്‍ഡിലുള്ളതുകൊണ്ട് വെള്ളം നനക്കല്‍ നടക്കുന്നുണ്ട്. ശനിയാഴ്ച മുതല്‍ ലോക്ഡൗണ്‍ നടപ്പാകുമ്പോള്‍ വെള്ളം കിട്ടാതെ ചെടികള്‍ വേനലില്‍ കരിഞ്ഞുപോകുമോ എന്ന ആശങ്കയും തൊഴിലാളികള്‍ക്കുണ്ട്. ആരെങ്കിലും മുന്നോട്ടുവരുമെന്നാണ് ഇവരുടെ പ്രതീക്ഷ.

conteny highlights: auto rikshaw workers creates garden near stand in malappuram