തിരുവനന്തപുരം: ഓട്ടോ ഡ്രൈവറായ രാജേഷിന് പ്രാരബ്ധങ്ങൾ ഏറെയാണ്. എന്നാൽ, കളഞ്ഞുകിട്ടിയ ബാഗിൽ നാല്പതിനായിരത്തിലേറെ രൂപയുണ്ടായിരുന്നിട്ടും അത് സ്വന്തമാക്കാൻ തോന്നിയില്ല. ബാഗ് നേരെ ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസ് ബാഗിലുള്ള പണം എണ്ണിത്തിട്ടപ്പെടുത്തി. 41600 രൂപ.

തിങ്കളാഴ്ച ഉച്ചയ്ക്ക്‌ കോട്ടയ്ക്കകത്ത് ട്രാൻസ്പോർട്ട്‌ ഭവനു സമീപത്ത്‌ തറയിൽക്കിടന്നാണ്‌ ആനയറ, മുഖക്കാട് സ്വദേശിയായ രാജേഷിന് പണമടങ്ങിയ ബാഗ് കളഞ്ഞുകിട്ടിയത്. മുദ്രപ്പത്രം വാങ്ങാനെത്തിയ രാജേഷ് ബാഗ് എടുത്ത് പരിശോധിച്ചപ്പോൾ പണമാണെന്നു കണ്ടു. ഇതോടെ നേരെ ഫോർട്ട് പോലീസ് സ്റ്റേഷനിലെത്തി ബാഗ് കൈമാറി. ചൊവ്വാഴ്ച രാവിലെ ബാഗ് തിരക്കി ഭിന്നശേഷിക്കാരനായ സുഭാഷ് നഗർ സ്വദേശി 82-കാരനായ സുകുമാരനെത്തി. വർഷങ്ങളായി ലോട്ടറി വിറ്റ് ലഭിച്ച സമ്പാദ്യമാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്.

ഉടമയെ തിരിച്ചറിഞ്ഞതോടെ പോലീസ് രാജേഷിനെ ഫോണിൽ ബന്ധപ്പെട്ടു. സ്റ്റേഷനിലെത്തിയ രാജേഷിൽനിന്ന്‌ സുകുമാരൻ ബാഗ് ഏറ്റുവാങ്ങി. എസ്.ഐ. സജു എബ്രഹാമിന്റെയും എസ്.എച്ച്.ഒ. രാജേഷ് ജെ.യുടെയും സാന്നിധ്യത്തിലായിരുന്നു ബാഗ് കൈമാറിയത്.

Content Highlights: Auto-Rickshaw Driver Returns Bag and Cash