image
സംരക്ഷണം നല്‍കിയ കുട്ടികള്‍ക്കൊപ്പം ജിഷാദ്

ചേര്‍പ്പ്(തൃശ്ശൂര്‍): മുത്തുള്ളിയാല്‍ പട്ടിയക്കാരന്‍ ജിഷാദിന്റെ വീട്ടിലേക്കുള്ള വഴി ചെളി നിറഞ്ഞതും ഇടുങ്ങിയതുമാണ്. വീട്ടിലെത്തിയാല്‍ ആ മനസ്സിന്റെ വിശാലത അറിയാം. മനുഷ്യത്വം മതങ്ങളുടെ മതില്‍ക്കെട്ട് ഭേദിക്കുന്ന കാഴ്ച.

ഒറ്റമുറി മാത്രമുള്ള വാടകപ്പുരയിലെ മുതിര്‍ന്നവരെ കോവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് അഭയം നല്‍കിയത് ജിഷാദ് എന്ന മുപ്പത്താറുകാരന്റെ ഈ വീട്ടിലാണ്. 

ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട് ഒറ്റയ്ക്കുകഴിയുന്ന ജിഷാദിനെ കൂടാതെ നല്ല അയല്‍ക്കാരും ആ മക്കള്‍ക്ക് സ്‌നേഹത്തണലായി. നാലും പതിനൊന്നും വയസ്സുള്ള ഇവരെ മക്കളെപ്പോലെ സംരക്ഷിക്കുകയാണ്. ജിഷാദിനെ കൂടാതെ നല്ല അയല്‍ക്കാരും അവരുടെ മക്കളും തണലായുണ്ട്.

ചേര്‍പ്പ് പടിഞ്ഞാട്ടുമുറി കുര്‍മായിക്കുളത്തിനു സമീപത്തെ ഒറ്റമുറി വാടകവീട്ടില്‍ താമസിക്കുന്ന എരിഞ്ഞേരി ബാലകൃഷ്ണന്റെ മകള്‍ ദിവ്യയുടെ മക്കളായ ആദികൃഷ്ണ (11), ആദിദേവ് കൃഷ്ണ (നാല്) എന്നിവര്‍ക്കാണ് സംരക്ഷണം നല്‍കിയത്. കുട്ടികളുടെ അച്ഛന് അഞ്ചുകൊല്ലമായി വീടുമായി ബന്ധമില്ല.

കോവിഡ് മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബാലകൃഷ്ണന്‍, ഭാര്യ ലീല, മക്കളായ ദിലീപ്, ദിവ്യ എന്നിവര്‍ തൃശ്ശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓക്‌സിജന്റെ സഹായം വേണ്ടിവന്ന ഭര്‍ത്താവിനും മക്കള്‍ക്കും ആശുപത്രിയില്‍ സഹായിയായിട്ടുള്ളത് ലീലയാണ്.

ചൊവ്വൂരില്‍ ഫര്‍ണിച്ചര്‍ പോളിഷ് പണിക്കാരനായ ജിഷാദിന് കുഞ്ഞായിരിക്കുമ്പോള്‍ അപകടത്തില്‍ പിതാവ് നഷ്ടപ്പെട്ടു. മൂന്നരക്കൊല്ലംമുമ്പ് രോഗത്തെത്തുടര്‍ന്ന് മാതാവും. ശേഷം ഒറ്റയ്ക്കാണ് താമസം. ജോലിക്കു പോകുന്ന സമയം തൊട്ടടുത്ത ഷെക്കീലാ അമീറിന്റെ വീട്ടിലും നസീജാ മുത്തലിഫിന്റെ വീട്ടിലുമാണ് കുട്ടികള്‍. ഹെര്‍ബര്‍ട്ട് കനാലിനുസമീപം താമസിക്കുന്ന സലീഷും ഷെക്കീലയും കുട്ടികള്‍ക്കുള്ള ഭക്ഷണം എത്തിക്കും. സി.എസ്.മനാഫ്, മുത്തു ആലുക്കല്‍ എന്നിവര്‍ എല്ലാ സഹായവുമായി കൂടെയുണ്ട്. ''ഞങ്ങള്‍ക്ക് വീടില്ല. വാടകവീടാണ്. ഒരു മുറിയെ ഉള്ളൂ...''-ആളുകള്‍ വിശേഷങ്ങള്‍ ചോദിക്കുമ്പോഴെല്ലാം നാലുവയസ്സുകാരന്‍ ആദിദേവ് സങ്കടത്തോടെ പറയും.

content highlights: as mother and other family members tests positive for covid, neighbour takes care of children