തിരുവനന്തപുരം: കലാ കുടുംബത്തിലെ സംഗീത സാന്നിധ്യമായിരുന്ന ശ്രീകല വിടവാങ്ങിയത് അവയവങ്ങള്‍ പകുത്തുനല്‍കി. നര്‍ത്തകരായ ഭര്‍ത്താവും മകളുമടങ്ങുന്ന ആ കലാകുടുംബത്തിലെ നാദവിസ്മയമായിരുന്നു ശ്രീകല. നൃത്താധ്യാപകനായ ഭര്‍ത്താവ് അനില്‍കുമാറും നര്‍ത്തകിയായ മകള്‍ ശ്രീലക്ഷ്മിയുമടങ്ങുന്നതാണ് കുടുംബം. 

അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡാന്‍സ് സ്‌കൂളിന്റെ പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായ ശ്രീകല, പ്രമുഖ ടെലിവിഷന്‍ ചാനലിലെ ജനപ്രിയ സംഗീത പരിപാടിയിലെയും താരമായിരുന്നു. ഇക്കഴിഞ്ഞ 26-ന് തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്നാണ് തിരുമല ആറാമട പ്ലാവിള കോട്ടുകോണം ജെ.ആര്‍.എ. 841 ശ്രീലകത്തില്‍ ഒ.ശ്രീകലയെ(54) തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശ്രീകലയെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ ന്യൂറോളജി വിഭാഗത്തിലെ ഡോ. ഷാനവാസിന്റെ നേതൃത്വത്തില്‍ പരമാവധി ശ്രമം നടത്തി. വ്യാഴാഴ്ച വൈകീട്ടോടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.

ഈ പ്രതിഭയുടെ അവയവങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളാല്‍ മരിച്ചുജീവിക്കുന്ന ആര്‍ക്കെങ്കിലും പ്രയോജനപ്പെടുത്താന്‍ കഴിയുമെങ്കില്‍ അതിനു തങ്ങള്‍ തയ്യാറാണെന്ന് അനില്‍കുമാര്‍ ചികിത്സിച്ച ഡോക്ടറെ അറിയിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഡൊണേഷ(മൃതസഞ്ജീവനി)ന്റെ സംസ്ഥാന കണ്‍വീനറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. സാറ വര്‍ഗീസ്, മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ അവയവദാനത്തിനുള്ള നടപടികള്‍ സ്വീകരിച്ചു.

പ്രോജക്ട് മാനേജര്‍ ശരണ്യ ശശിധരന്‍ അവയവ വിന്യാസം ഏകോപിപ്പിച്ചു. വൃക്കകളും നേത്രപടലവുമാണ് ദാനംചെയ്തത്. കിംസ് ആശുപത്രിയില്‍ യൂറോളജി വിഭാഗത്തിലെ ഡോ. രേണുവിന്റെ നേതൃത്വത്തിലാണ് ശ്രീകലയ്ക്ക് ശസ്ത്രക്രിയ നടത്തി വൃക്കകള്‍ പുറത്തെടുത്തത്.

ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്കാണ് വച്ചുപിടിപ്പിച്ചത്. യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവന്‍ പോറ്റിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കാര്‍ഡിയോതൊറാസിക് വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. ഒരു വൃക്ക കിംസ് ആശുപത്രിയിലെതന്നെ ഒരു രോഗിക്കു നല്‍കി. നേത്രപടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്കുമാണ് നല്‍കിയത്. കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്ക് ആര്‍.എം.ഒ. ഡോ. ചിത്രാരാഘവന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

content highlights:as brain death confirms, family of singer sreekala decides to donate eyes and kidneys