തിരുവനന്തപുരം: ചക്രക്കസേരയിൽ സഞ്ചരിച്ച്, വൈകല്യങ്ങളെ അവഗണിച്ച് തന്റെ സ്വപ്നങ്ങളെ പിന്തുടർന്ന അനന്തന് ദേശീയ ബാലശ്രീ പുരസ്‌കാരം.

ജന്മനാ അരയ്ക്കുതാഴെ തളർന്നെങ്കിലും പിന്നീട് നിറങ്ങളുടെ കൂട്ടുകാരനായി മാറിയ ഈ പത്താം ക്ലാസുകാരന് വിഷ്വൽ ആർട്‌സ് വിഭാഗത്തിലാണ് കുട്ടികൾക്കുള്ള ദേശീയതലത്തിലെ ഏറ്റവും മികച്ച പുരസ്‌കാരങ്ങളിലൊന്ന് ലഭിച്ചത്. ചിത്രകാരനാവുകയെന്ന മകന്റെ ആഗ്രഹത്തിനൊപ്പം വീൽച്ചെയറിനോടു ചേർന്ന് കൂട്ടുനടന്നും കാത്തിരുന്നും പ്രോത്സാഹിപ്പിച്ച അച്ഛൻ ശ്രീകാന്തും അമ്മ അർച്ചനയും ഇന്നത്തെ സമൂഹത്തിൽ മാതൃകയാവുകയാണ്.

കാലുകൾക്ക് ബലക്കുറവുള്ള മെനിഞ്ചോ മൈലോ സീൽ എന്ന വൈകല്യത്തോടെയാണ് അനന്തൻ ജനിച്ചത്. നിരവധി ചികിത്സകൾക്കുശേഷമാണ് അനന്തന് ജീവിതത്തിലേക്കു തിരിച്ചുവരാനായത്. കുഞ്ഞായിരിക്കുമ്പോൾ അനന്തൻ കിടന്നുകൊണ്ടുതന്നെ ചിത്രങ്ങൾ വരച്ചുതുടങ്ങി. വൈകല്യമുള്ള കുഞ്ഞാണെന്ന വേർതിരിവില്ലാതെ അവനെ വളർത്തിക്കൊണ്ടുവരാൻ പട്ടം മുറിഞ്ഞപാലം ‘ശ്രീവിശാഖി’ൽ ഗ്രാമവികസന വകുപ്പിൽ ഉദ്യോഗസ്ഥനായ ശ്രീകാന്തും മോട്ടോർ വാഹനവകുപ്പിൽ ഉദ്യോഗസ്ഥയായ അർച്ചനയും തീരുമാനിക്കുകയായിരുന്നു. ചേച്ചി ആര്യാ ശ്രീകാന്തും കുഞ്ഞനുജന്റെ ആഗ്രഹങ്ങൾക്കു കൂട്ടുനിന്നു.

ananthan
അനന്തന്‍ വരച്ച ചിത്രങ്ങള്‍

നഴ്‌സറി ക്ലാസിലൊന്നും പോകാനാകാതെ വീട്ടിനുള്ളിൽക്കിടന്ന അനന്തന് അച്ഛനും അമ്മയും ധാരാളം വർണ പെൻസിലുകൾ വാങ്ങി നൽകി. വീടിന്റെ തറ മുഴുവൻ നിറങ്ങൾ കൊണ്ടുനിറച്ച അനന്തന്റെ താത്‌പര്യം മനസ്സിലാക്കിയ രക്ഷാകർത്താക്കൾ ചിത്രംവര പഠിപ്പിക്കാൻ അധ്യാപകനെ വീട്ടിലെത്തിച്ചു. ഒന്നാം ക്ലാസുമുതൽ പട്ടം കേന്ദ്രീയവിദ്യാലയത്തിലാണ് പഠിക്കുന്നത്. വീൽച്ചെയർ കാറിനുള്ളിൽവച്ച് അനന്തനെ ഇത്രയുംകാലം അവർ സ്‌കൂളിലെത്തിച്ചു. സ്‌കൂളിലെത്തിയാൽ കൂട്ടുകാരോടൊപ്പം അനന്തൻ സാധാരണ കുട്ടിയാണ്. മത്സരങ്ങളിലും വികൃതികളിലും അവൻ അവർക്കൊപ്പം ചേർന്നു വളർന്നു. തന്റെ മികവുകളെ മാത്രം ശ്രദ്ധിച്ചു, വൈകല്യങ്ങൾ മറന്നു.

ananthan
അനന്തന്‍ വരച്ച ചിത്രങ്ങള്‍

മികച്ച ചിത്രങ്ങൾ വരച്ചുകൂട്ടി നിരവധി സമ്മാനങ്ങളാണ് അനന്തൻ കൈക്കലാക്കിയത്. തലസ്ഥാനത്തെ എല്ലാ വേദികളിലും അനന്തൻ ചിത്രരചനാ മത്സരത്തിൽ സമ്മാനാർഹനായി. ഡിസ്‌നി, മാർവെൽ കോമിക്‌സുകളെ ഇഷ്ടപ്പെടുന്ന അനന്തന് മികച്ച ഒരു ഇല്ലസ്‌ട്രേറ്ററാകണമെന്നാണ് ആഗ്രഹം. പ്ലസ്ടുവിന് ഫൈൻ ആർട്‌സ് പഠിച്ചശേഷം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പ്രവേശനം നേടുകയാണ് ലക്ഷ്യം.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അനന്തൻ വരച്ച കോമിക്‌സുകൾ കണ്ട് ടൂൺസ് അക്കാദമി അവനു മാത്രമായി രണ്ടുമാസത്തെ പരിശീലനവും നൽകി. 13-ാം വയസ്സു മുതൽ കേന്ദ്രസർക്കാരിന്റെ സെന്റർ ഫോർ കൾച്ചറൽ ആൻഡ് റിസോഴ്‌സ് ട്രെയിനിങ്ങിനായുള്ള സ്കോളർഷിപ്പ് അനന്തനു ലഭിക്കുന്നുണ്ട്.

ananthan
അനന്തന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വരച്ച ചിത്രകഥയില്‍നിന്ന്‌

വീട്ടുകാരും സമൂഹവും കൂട്ടുകാരും തന്റെ വിജയത്തിനു പിന്നിൽ എല്ലാ പ്രോത്സാഹനങ്ങളുമായി കൂടെയുണ്ടെന്ന് അനന്തൻ പറയുന്നു. അവരവരുടെ കഴിവുകൾ മനസ്സിലാക്കി വെല്ലുവിളികൾ ഏറ്റെടുത്ത് അതിൽ വിജയിക്കാൻ കുട്ടികൾ പരിശ്രമിക്കണമെന്നാണ് അനന്തന്റെ അഭിപ്രായം. വീൽച്ചെയറിൽ സഞ്ചരിക്കുന്ന തന്നെ മറ്റുള്ളവർ സാധാരണ കുട്ടികളെപ്പോലെ പരിഗണിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതാണ് അവന് ഇഷ്ടം.

പ്രതിസന്ധികളിൽ പോരാടി വിജയിക്കുകയും കഥകളിലൂടെ മികവുറ്റ സന്ദേശങ്ങൾ കുട്ടികൾക്കു നൽകുകയും ചെയ്യുന്ന സൂപ്പർമാനാണ് അനന്തന്റെ ഇഷ്ട കഥാപാത്രം. 2016-ലെ ദേശീയ ബാലശ്രീ പുരസ്കാരങ്ങളാണ്‌ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്‌. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിഭാഗത്തിലാണ്‌ അനന്തൻ പുരസ്കാരാർഹനായത്‌. സംസ്ഥാന, ദേശീയതലത്തിൽ നടത്തിയ മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം നൽകുന്നത്.

content highlights: ananthan winner of national bal shree award, good news