ഭിന്നശേഷിക്കാരനായ സംരംഭകന് സഹായഹസ്തം നീട്ടി മഹീന്ദ്രാ ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ അറുപതുവയസുകാരന്‍ വിഷ്ണു പട്ടേലിനാണ് ആനന്ദ് മഹീന്ദ്ര സഹായവുമായെത്തിയത്. 

ശ്രവണവൈകല്യമുള്ളയാളാണ് വിഷ്ണു. ഉപയോശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ ഉപയോഗിച്ച് വിഷ്ണു ബൈക്കുകള്‍ ഉണ്ടാക്കുന്നതിനെ കുറിച്ച് ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. 

വിഷ്ണുവിന്റെ കഥ വിസ്മയകരമാണെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. വിഷ്ണുവിന്റെ വര്‍ക്ക്‌ഷോപ്പ് നവീകരിക്കുന്നതിന് നിക്ഷേപം നടത്താന്‍ സാധിക്കുമോയെന്ന് അറിയാന്‍ അദ്ദേഹവുമായി ബന്ധപ്പെടുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ വ്യക്തമാക്കി. 

വിഷ്ണു തന്നെ പ്രചോദിപ്പിച്ചുവെന്നും രാജ്യത്തെ, അദ്ദേഹത്തെ പോലെയുള്ള ചെറുകിട സംരംഭകരുടെ സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നതിന് ഒരുകോടി രൂപ പ്രാഥമിക ഫണ്ട് എന്നനിലയില്‍ വ്യക്തിപരമായി നീക്കിവെക്കാന്‍ തീരുമാനിച്ചതായും ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ വ്യക്തമാക്കുന്നു. 

ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഏഴോളം ബൈക്കുകള്‍ താന്‍ ഇതിനോടകം നിര്‍മിച്ചിട്ടുള്ളതായി 2019ല്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിഷ്ണു പറഞ്ഞിരുന്നു. ഉപയോഗശൂന്യമായ വസ്തുക്കളില്‍നിന്നായിരുന്നു വിഷ്ണു ഇവയെല്ലാം നിര്‍മിച്ചിരുന്നത്. 

ആളുകള്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ വലിച്ചെറിയുന്നു. ഞാന്‍ അതില്‍നിന്ന് ബൈക്കുകള്‍ ഉണ്ടാക്കുന്നു. ഭിന്നശേഷിക്കാര്‍ക്ക്, അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സാധിക്കുന്ന മുച്ചക്രവാഹനം ഉണ്ടാക്കുക എന്നതാണ് ആഗ്രഹമെന്നും വിഷ്ണു അന്ന് വ്യക്തമാക്കിയിരുന്നു. 

content highlights: anand mahindra offers help to differently abled  entrepreneur