ലഖ്‌നൗ: ഐ.ഐ.ടിയില്‍ അഡ്മിഷന് അര്‍ഹതയുണ്ടായിട്ടും ഫീസ് അടയ്ക്കാന്‍ മാര്‍ഗമില്ലാതെ വലഞ്ഞ ദളിത് പെണ്‍കുട്ടിക്ക് കൈത്താങ്ങുമായി ഹൈക്കോടതി ജഡ്ജി. സീറ്റ് അലോക്കേഷന്‍ ഫീസ് ആയ 15,000 രൂപ ജഡ്ജി സ്വന്തംകയ്യില്‍നിന്ന് നല്‍കി. ഉത്തര്‍ പ്രദേശിലെ അലഹബാദ് ഹൈക്കോടതിയില്‍ നിന്നാണ് ഈ സദ്‌വാര്‍ത്ത. സംസ്‌കൃതി രഞ്ജന്‍ എന്ന 17-കാരിക്കാണ് അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് സഹായഹസ്തവുമായെത്തിയത്.

ഗുരുതര വൃക്കരോഗത്തിന് ചികിത്സയിലാണ് സംസ്‌കൃതിയുടെ പിതാവ്. വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആഴ്ചയില്‍ രണ്ടുവട്ടം ഡയാലിസിസ് നടത്തുന്നതിലൂടെയാണ് ജീവന്‍ പിടിച്ചുനിര്‍ത്തുന്നത് ഈ സാഹചര്യത്തില്‍ അഡ്മിഷന് പണം കണ്ടെത്തുക എന്നത് സംസ്‌കൃതിയെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു. 

ഇതേത്തുടര്‍ന്നാണ് സംസ്‌കൃതി കോടതിയെ സമീപിച്ചത്. അഡ്മിഷന് ആവശ്യമായ രേഖകളുമായി മൂന്നുദിവസത്തിനുള്ളില്‍ വാരണാസിയിലെ ഐ.ഐ.ടി. ബി.എച്ച്.യുവിനെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.  സീറ്റ് ഒഴിവില്ലെങ്കില്‍ സംസ്‌കൃതിക്കു വേണ്ടി പ്രത്യേകം ഒരു  സീറ്റ് അനുവദിക്കാനും കോടതി ഐ.ഐ.ടി. ബി.എച്ച്‌യുവിന് നിര്‍ദേശം നല്‍കി.

ജെ.ഇ.ഇയില്‍ എസ്.സി. വിഭാഗത്തില്‍ 2062-ാം റാങ്ക് നേടിയ സംസ്‌കൃതി, ഇരട്ട ബിരുദ കോഴ്‌സായ മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടിങ്ങിനാണ് യോഗ്യത നേടിയിരുന്നത്. അഞ്ചുവര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. എന്നാല്‍ അഡ്മിഷന്‍ എടുക്കേണ്ടിയിരുന്ന അവസാന തീയതിക്കുള്ളില്‍ പണം കണ്ടെത്താനായില്ല. 

പിതാവിന്റെ ചികിത്സാച്ചെലവും കോവിഡ് 19-ഉം കാരണമാണ് സംസ്‌കൃതിക്ക് പണം കണ്ടെത്താന്‍ സാധിക്കാതിരുന്നതെന്ന് സംസ്‌കൃതിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. പത്താം ക്ലാസില്‍ 95.6 ശതമാനവും 12-ാം ക്ലാസില്‍ 94 ശതമാനവും മാര്‍ക്ക് നേടിയ സംസ്‌കൃതി, മികച്ച വിദ്യാര്‍ഥിനിയാണെന്ന് കോടതി നിരീക്ഷിച്ചു. ജെ.ഇ.ഇയില്‍ 92.77 ശതമാനം മാര്‍ക്കും സംസ്‌കൃതി നേടിയിരുന്നു. 

content highlights: allahabad high court judge contributes 15,000 to dalit student's college fees