പത്തുകാലത്ത് വിളിച്ചാല്‍ വിളിപ്പുറത്ത് എത്തുന്നവനാണ് യഥാര്‍ഥ ചങ്ങാതി. ആ പേര് അന്വര്‍ഥമാക്കിക്കൊണ്ട് ഈ കൊറോണക്കാലത്ത് കുമരകംകാരുടെ അടുത്ത ചങ്ങാതിയാകുകയാണ് അജയനും അദ്ദേഹത്തിന്റെ ചങ്ങാതിയെന്ന ഓട്ടോയും. 

കൊറോണയെന്ന മഹാമാരിയെ തളയ്ക്കാന്‍ നാട് വീട്ടിലിരിക്കുമ്പോള്‍ നാട്ടുകാര്‍ക്കു വേണ്ടി ഓടുകയാണ് അജയന്‍ എന്ന ഈ ഓട്ടോച്ചേട്ടന്‍. വീടുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി സൗജന്യമായി എത്തിച്ചു നല്‍കുകയാണ് അജയന്‍ ചെയ്യുന്നത്. വീട്ടിലെത്തിച്ചു നല്‍കുന്ന സാധനങ്ങളുടെ ബില്ലിലെ തുക മാത്രം കൈപ്പറ്റും. സാധനങ്ങള്‍ എത്തിച്ചു നല്‍കുക എന്ന സേവനം തീര്‍ത്തും സൗജ്യനം. 

ഓട്ടോറിക്ഷയ്ക്കും മറ്റു വാഹങ്ങള്‍ക്കും ഒക്കെ അത്യാവശ്യത്തിന് ഓടാമെന്ന് അറിഞ്ഞപ്പോഴാണ്, സൗജന്യമായി സാധനങ്ങള്‍ വീട്ടിലെത്തിച്ചു കൊടുക്കാമെന്ന തീരുമാനം എടുത്തത്. പലരും അഭിനന്ദിക്കുകയും ഡീസല്‍ അടിക്കാനുള്ള പണം കൊടുക്കാമെന്ന് പറയുകയും ചെയ്തു. പക്ഷെ അജയന്‍ അത് നിരാകരിക്കുകയായിരുന്നു.  

മുഖാവരണം ഉപയോഗിച്ചും സാനിറ്റൈസര്‍ കൊണ്ട് കൈകള്‍ ശുചിയാക്കിയുമാണ് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത്. കടകളില്‍നിന്നും കൃത്യമായ ബില്ല് വാങ്ങി, ചിലവായ തുക മാത്രം വീട്ടുകാരില്‍നിന്നും വാങ്ങും. പലരും ഓട്ടോക്കൂലി നല്‍കാന്‍ തയ്യാറായെങ്കിലും പുഞ്ചിരി മറുപടിയാക്കി അജയന്‍ അടുത്തയിടത്തേക്ക് നീങ്ങും. 

അജയന്‍ ചെയ്യുന്നത് വളരെ ഉപകാരപ്രദമായ കാര്യമാണെന്ന് ആളുകളും പറയുന്നു. അജയന്റെ സേവനം മൂലം വണ്ടിയുമായി ചന്തയിലേക്ക് അനാവശ്യമായി പോകുന്നത് ഒഴിവാക്കാമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

content highlights: ajayan- auto driver fromn kumarakam helps others during the time of corona