പുറത്തൂർ: ക്രിസ്മസ് അവധിക്കാലത്ത് മംഗലം വള്ളത്തോൾ എ.യു.പി. സ്കൂളിലെ അധ്യാപിക ആദില മുഴുവൻ സമയവും സ്കൂളിലായിരുന്നു. സ്കൂൾമാനേജർ കാരാട്ട് രായിൻഹാജി പുതുവർഷത്തിൽ 12 പുതിയ ക്ലാസ്‍മുറികളാണ് നാടിനായി സമർപ്പിക്കുന്നത്.

ഈ കെട്ടിടത്തിന്റെ ചുമരുകൾ ചിത്രംവരച്ച് മനോഹരമാക്കുന്ന ദൗത്യമാണ് ആദില ഏറ്റെടുത്തത്. സ്കൂളിലെ പൂർവവിദ്യാർഥിയായ ആദിലയ്ക്ക് ഈയിടെയാണ് നിയമനം ലഭിച്ചത്. തന്റെ ഗുരുക്കന്മാരായ എൻ. ഓമന, എം. ഹുസൈൻ, എം. പ്രതിഭ, എൻ. വസന്ത എന്നിവർ ഒരുമിച്ചു വിരമിക്കുന്ന സമയത്ത് അവർക്കുള്ള മധുരമേറിയ സമ്മാനമായാണ് ആദില ഇതിനെ കാണുന്നത്.

പഠിക്കുന്നകാലത്ത് ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലേക്ക് ഈ അധ്യാപകർ കൈപിടിച്ച് ചിത്രരചനാ മത്സരത്തിന് കൊണ്ടുപോയത് ആദിലയുടെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്.

തിങ്കളാഴ്ചയാണ് പുതിയ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം. നാലുദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ സ്റ്റേജ് സമർപ്പണം, സാംസ്കാരിക സമ്മേളനം, മെഗാ ക്വിസ്, നേത്രപരിശോധനാക്യാമ്പ്, വാനനിരീക്ഷണക്യാമ്പ്, പുരസ്കാര സമർപ്പണം എന്നിവയുമുണ്ടാകും. ലോക്ഡൗൺ കാലത്ത് ആദിലയ്ക്ക് ചിത്രരചനയിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞു.

പിതാവ് കെ.പി. ആദിൽ ഇതേ വിദ്യാലയത്തിലെ പി.ടി.എ. പ്രസിഡന്റാണ്. മാതാവ് നുസൈബയും ഭർത്താവ് അബ്ദുൾ മുഹ്സിനും പ്രോത്സാഹനവുമായി കൂടെയുണ്ട്.

Content Highlights: Adila busy with painting school walls