മഞ്ചേരി: 'ഇവരുടെ രക്തമാണ് എന്റെ ശരീരത്തിലൂടെ ഓടുന്നത്' -ആശുപത്രിയില്‍നിന്ന് കോവിഡ് മുക്തനായി മടങ്ങിയപ്പോള്‍ ഷാഹുല്‍ ഹമീദിനെയും അബ്ദുള്‍ ലത്തീഫിനെയും ചൂണ്ടി മലപ്പുറം ചോക്കാട് സ്വദേശി അജിത്ത് കുമാര്‍ ഇങ്ങനെ പറഞ്ഞു. കോവിഡ് ചികിത്സയുടെ ഭാഗമായി അജിത്തിന് പ്ലാസ്മ ദാനം ചെയ്തവരായിരുന്നു ഷാഹുല്‍ ഹമീദും അബ്ദുള്‍ ലത്തീഫും.

അജിത്തിനെ ആശുപത്രിയില്‍നിന്ന് യാത്രയാക്കാന്‍ ഷാഹുല്‍ ഹമീദും അബ്ദുള്‍ ലത്തീഫും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. ഇവര്‍ക്കൊപ്പം മറ്റ് 21-പേര്‍ കൂടി ഉണ്ടായിരുന്നു. കോവിഡ്മുക്തി നേടിയശേഷം മറ്റുള്ളവര്‍ക്ക് പ്ലാസ്മ നല്‍കാന്‍ എത്തിയതായിരുന്നു അവര്‍.

ഡല്‍ഹിയില്‍ പോലീസുദ്യോഗസ്ഥനാണ് ചോക്കാട് സ്വദേശി അജിത്ത്കുമാര്‍. ജൂണ്‍ 22-നാണ് രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങളാല്‍ ഗുരുതരാവസ്ഥയിലായിരുന്നു.

രണ്ടു തവണ പ്ലാസ്മാതെറാപ്പി നടത്തിയാണ് കോവിഡ് ഭേദമാക്കിയത്. അബുദാബിയില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി ഷാഹുല്‍ഹമീദും മുംബൈയില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി അബ്ദുള്‍ലത്തീഫുമാണ് പ്ലാസ്മ ദാനംചെയ്തത്.

പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാസേനാ ഓഫീസര്‍ ബാബുരാജ്, വാളങ്കുളം ഷീബ, കരുവാരക്കുണ്ട് നടുത്തൊടിക സിറാജുദ്ദീന്‍, പെരുമണ്ണ അദ്നാന്‍ ക്ലാരി, വെളിയങ്കോട് കറുപ്പറമ്പില്‍ മുംഷിദ്, കടലുണ്ടിനഗരം പി.എന്‍. ഷഹദ്, ആലത്തിയൂര്‍ പരപ്പേരി ഷംസുദ്ദീന്‍, വെള്ളിയാമ്പ്രം വി. ലത്തീഫ്, നമ്പന്‍കുന്ന് മുഹമ്മദ്ഷാഫി, എടപ്പാള്‍ കുളങ്ങര ഫാസില്‍, കാഴിക്കല്‍ മുഹമ്മദാലി, മുഹമ്മദ് ഫാരിസ്, മഞ്ഞമ്പാട്ട് അബ്ദുള്‍ഹക്കീം, കള്ളിത്തടത്തില്‍ അബ്ദുറഹിമാന്‍, കൊത്തുപറമ്പ് മുഹമ്മദ് റിഫാസ്, ചാലയില്‍ ഷംസുദ്ദീന്‍, വെളിയങ്കോട് കുന്നംപറമ്പില്‍ മുംഷിദ്, പൊന്മുണ്ടം പന്നിക്കോറ മുസ്തഫ, വെള്ളിയത്ത് സൈഫുദ്ദീന്‍, നൗഷാദ്, വിജേഷ്, സഫ്വാന്‍ എന്നിവരാണ് പ്ലാസ്മ ദാനംചെയ്തത്.

ജില്ലാ മെഡിക്കല്‍ഓഫീസര്‍ കെ. സക്കീന, ആശുപത്രി സൂപ്രണ്ട് കെ.വി. നന്ദകുമാര്‍, നോഡല്‍ഓഫീസര്‍ ഡോ. പി. ഷിനാസ് ബാബു, മാസ് മീഡിയാ ഓഫീസര്‍ രാജു തുടങ്ങിയവര്‍ അജിത്ത്കുമാറിനെ യാത്രയയക്കാന്‍ മെഡിക്കല്‍കോളേജിലെത്തിയിരുന്നു

content highlights: 23 people who recovered from covid-19 donates plasma to patients