കൊടുങ്ങല്ലൂര്‍: താലൂക്ക് ആശുപത്രിയിലെ കോവിഡ് സെന്ററില്‍ കഴിയുന്ന രോഗികള്‍ക്കാവശ്യമായ സാമഗ്രികള്‍ വാങ്ങിനല്‍കുന്നതിനായി നഹ്‌ല ഇത്തവണ സ്വരൂപിച്ചത് പതിനായിരം രൂപ.

കെ.കെ.ടി.എം. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും എസ്.പി.സി. സീനിയര്‍ കേഡറ്റുമായ നഹ്‌ലയെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പെട്ടെന്ന് മറക്കാനാകില്ല. മഹാമാരിയുടെ ആദ്യ ലോക്ഡൗണ്‍ കാലത്ത് വാടകവീട്ടിലെ മട്ടുപ്പാവില്‍ ജൈവപച്ചക്കറി കൃഷിയിലൂടെയുള്ള മുഴുവന്‍ പച്ചക്കറികളും സ്വയം തുന്നിയെടുത്ത മാസ്‌കുകളും നഗരസഭയ്ക്ക് നല്‍കുവാനെത്തിയ നഹ്‌ല അന്നേ സ്‌കൂളിലെ താരമായിരുന്നു.

പെരുന്നാള്‍ ആഘോഷം ചടങ്ങുകളിലൊതുക്കി സ്വരൂപിച്ച, തന്റെയും സഹോദരങ്ങളുടെയും ചെറിയ സമ്പാദ്യവും ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കള്‍, അധ്യാപകര്‍ തുടങ്ങിയവരില്‍നിന്നുമായി ശേഖരിച്ചതും ചേര്‍ത്താണ് 10000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങിയത്. ആശുപത്രിയിലെ രോഗികള്‍ക്കുള്ള സാനിറ്റേഷന്‍ കിറ്റുകളും ദൈനംദിന ആവശ്യത്തിന് ഉപയോഗിക്കുന്ന പള്‍സ് ഓക്‌സിമീറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ബാറ്ററികളുമാണ് വാങ്ങിയവയില്‍ പ്രധാനം.

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും റോസ്, നീല നിറങ്ങളിലുള്ള 75 കിറ്റുകളാണ് ഒരുക്കിയത്. കിറ്റുകളില്‍ മാസ്‌ക്, സാനിറ്റൈസര്‍, ടൂത്ത്പേസ്റ്റ്, സോപ്പ്, സാനിറ്ററി പാഡ്, ഷേവിങ് സ്റ്റിക്, ബ്ലീച്ചിങ് പൗഡര്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എം.യു. ഷിനിജയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ നഹ്‌ലയില്‍നിന്നും ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണന്‍ കിറ്റുകള്‍ ഏറ്റുവാങ്ങി.

content highlights: 10th standard student donates kits to covid care centre