കോട്ടയം: പ്രളയച്ചെളിയിൽ മുങ്ങിയ പൊന്നും വിലയുള്ള പണം തപ്പിയെടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പ്രളയത്തിൽ തകർന്ന മുണ്ടക്കയത്തെ വീടുകളിൽ ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശുചീകരണം നടത്തുന്നതിനിടെയാണ് , എല്ലാം നഷ്ടപ്പെട്ടു എന്നു കരുതിയ വീടിനുള്ളിൽ നിന്നും , ചെളിയിൽ മുങ്ങിയ പണം ലഭിച്ചത്. മുസ്ലീം ലീഗ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റും യു. ഡി. എഫ്. കൂട്ടിക്കൽ മണ്ഡലം പ്രസിഡൻ്റുമായ കൊപ്ളി ഹസൻ തന്റെ മകളുടെ വിവാഹത്തിനായി കരുതിവെച്ച പണമാണ് ചെളിയിൽ പുതഞ്ഞ നിലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ടെത്തിയത്. കണ്ടെത്തിയ പണം കൊപ്ളി ഹസന് തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈമാറി.

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ യൂത്ത് കെയറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനവും ശുചീകരണവും നടത്തിയത്. ഹസന്റെ വീട്ടിലുണ്ടായ പ്രളയത്തിൽ എല്ലാം തകർന്നിരുന്നു. കൂട്ടിക്കൽ, മുണ്ടക്കയം പുത്തൻചത്ത, മണിമല വെള്ളാവൂർ എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് , ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, ഷിയാസ് മുഹമ്മദ്, ജിതോമസ്‌കുട്ടി മുക്കാല, നായിഫ് ഫൈസി, ജിൻസൺ ചെറുമല, അജീഷ് വടവാതൂർ, എം.കെ ഷെമീർ, രാഹുൽ മറിയപ്പള്ളി, ഫെമി മാത്യു , ഷിയാദ് കൂട്ടിക്കൽ എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകർന്ന് ചാണ്ടി ഉമ്മനും ഈ സ്ഥലങ്ങളിലുണ്ടായിരുന്നു.