റാന്നി(പത്തനംതിട്ട): ദൂരെ എവിടെനിന്നോ രക്ഷിക്കണേയെന്ന കരച്ചില്‍ കേട്ട സ്ഥലം തേടി ലക്ഷ്മി എത്തിയതിനാല്‍ രക്ഷപ്പെട്ടത് ഒരു ജീവന്‍. ആള്‍ത്താമസമില്ലാത്ത സ്ഥലത്ത് റബ്ബര്‍ത്തോട്ടത്തിലെ കിണറ്റില്‍ രണ്ടുമണിക്കൂറോളം വീണുകിടന്ന ആളെയാണ് കണ്ടെത്തിയത്.
ലക്ഷ്മി അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും അയാള്‍ തീരെ അവശനായിരുന്നു. അല്‍പ്പം ദൂരെ താമസിക്കുന്ന ലക്ഷ്മി കണ്ടെത്തിയതുകൊണ്ടുമാത്രമാണ് അയാള്‍ രക്ഷപ്പെട്ടതെന്ന് നാട്ടുകാരും അഗ്‌നിരക്ഷാസേനാംഗങ്ങളും പറഞ്ഞു.
എരുമേലി കരിങ്കല്ലുംമൂഴി പുതുപ്പറമ്പില്‍ സൈനുദ്ദീനാണ്(46) കിണറ്റില്‍ അകപ്പെട്ടത്. ബുധനാഴ്ച പകല്‍ രണ്ടുമണിയോടെയാണ് സംഭവം. തോട്ടത്തിലെ പണികള്‍ക്കെത്തിയ സൈനുദ്ദീന്‍ കിണറ്റില്‍നിന്ന് വെള്ളം കോരാന്‍ ശ്രമിക്കുന്നതിനിടയിലാണ് വീണത്.
നല്ല താഴ്ചയുള്ള കിണറ്റില്‍ 15 അടിയോളം വെള്ളമുണ്ടായിരുന്നു. കരയില്‍ കുരുക്കിട്ടിരുന്ന കയറില്‍ സൈനുദ്ദീന്‍ തൂങ്ങിക്കിടന്ന് വിളിച്ചുകൂവി. 3.45 വരെ ആരുമെത്തിയില്ല. ഈ സമയം അല്‍പ്പം അകലെ താമസിക്കുന്ന ഊട്ടുപ്പാറ തെക്കേച്ചരുവില്‍ ലക്ഷ്മി വീടിന് പുറത്തിറങ്ങിയപ്പോള്‍ കരച്ചില്‍ശബ്ദം കേള്‍ക്കുന്നതായി തോന്നി.
ശബ്ദം കേട്ടത് തേടിയെത്തിയപ്പോഴാണ് കിണറ്റില്‍ ആരോ വീണതറിയുന്നത്. ഉടന്‍ ഓടിച്ചെന്ന് മറ്റുള്ളവരെ വിവരമറിയിച്ചു. അവര്‍ അറിയിച്ചതനുസരിച്ചാണ് അഗ്‌നിരക്ഷാസേന എത്തിയത്. സേനാംഗങ്ങള്‍ സൈനുദ്ദീനെ കരയ്ക്കെടുക്കുമ്പോഴേക്കും അയാള്‍ തീരെ അവശനായിരുന്നു. ഉടന്‍ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
റാന്നി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സന്തോഷ് കുമാര്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ ജയദേവന്‍, ഹരീഷ്, വിപിന്‍കുമാര്‍, തമ്പാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സൈനുദ്ദീനെ രക്ഷപ്പെടുത്തിയത്.
content highlights: woman's timely action saves man's life in ranni