ജന്മദിനം ഭൂരിഭാഗം പേര്‍ക്കും 'സ്‌പെഷല്‍ ഡേ'യാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കുന്ന,അല്ലെങ്കില്‍ അവര്‍ ആഘോഷമാക്കുന്ന നല്ല ദിവസം. എന്നാല്‍ ജന്മദിനത്തില്‍ ആരുമില്ലാതെ ഒറ്റക്കായി പോയാലോ? ജന്മദിന ആശംസ പറയാന്‍ പോലും അടുത്താരും ഇല്ലാതെ പോയാലോ? 

അങ്ങനെ ഒറ്റയ്ക്കായി പോയ ഒരു സ്ത്രീക്കൊപ്പം അപരിചിതരായ ഒരുകൂട്ടം ആളുകള്‍ ചേരുന്നതിന്റെയും അവരുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേരുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

 

ഒരു ഭക്ഷണശാലയില്‍ കേക്കുമായി ഒറ്റയ്ക്കിരിക്കുന്ന സ്ത്രീയെയാണ് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയുടെ ആദ്യഭാഗത്ത് കാണാന്‍ കഴിയുക. കേക്കില്‍ മെഴുകുതിരിയെല്ലാം കത്തിച്ചുവെച്ച് ജന്മദിനം ഒറ്റയ്ക്ക് ആഘോഷിക്കാനുളള തയ്യാറെടുപ്പിലായിരുന്നു അവര്‍.

ഒരു നിമിഷം പ്രാര്‍ഥിച്ചതിനുശേഷം കേക്കിനുമുന്നിലിരുന്ന് ഇവര്‍ കൈകൊട്ടാനും തുടങ്ങി. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ട ഭക്ഷണശാലയിലുണ്ടായിരുന്ന കുറച്ചാളുകള്‍ അവരുടെ അരികിലേക്ക് എത്തുകയും അവര്‍ക്കൊപ്പം ചേര്‍ന്ന് കൈയടിക്കുകയും ആശംസയര്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. 

ഗുഡ്ന്യൂസ് മൂവ്മെന്റ് എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഹൃദയസ്പര്‍ശിയായ ജന്മദിനാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം വീഡിയോ എവിടെനിന്നുള്ളതാണെന്നോ വീഡിയോയിലെ സ്ത്രീ ആരാണെന്നോ വ്യക്തമല്ല.

content highlights: woman celebrating birthday alone gets surprise, video becomes viral