സംഗീതത്തിനുമുന്നിൽ വൈകല്യം ഒന്നുമല്ലെന്ന് തെളിയിക്കുകയാണ് അമൽ എന്ന പത്തൊമ്പതുകാരൻ. കല്ലിയൂർ കാക്കമൂലയ്ക്കുസമീപം വവ്വാമൂല തേരിവിള വീട്ടിൽ അനിൽകുമാറിന്റെയും യമുനയുടെയും മകനായ അമൽ, തന്റെ പരിമിതികളെ അതിജീവിച്ചാണ് സംഗീതവഴിയിൽ സഞ്ചരിക്കുന്നത്.

അടുത്തിടെ കൊല്ലത്തുനടന്ന സ്പെഷ്യൽ കലോത്സവത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലയിൽനിന്നുള്ള കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ലളിതഗാനത്തിന് അമൽ എ ഗ്രേഡ് നേടിയത് ശ്രദ്ധേയമായിരുന്നു. ജന്മനാ കാഴ്ചവൈകല്യമുണ്ടായിരുന്ന അമൽ കേട്ടുപഠിച്ച പാട്ടുകൾ പാടിയാണ് ഭിന്നശേഷിക്കാരുടെ കലോത്സവങ്ങളിൽ മികവ് കാട്ടുന്നത്.

തലസ്ഥാനത്തെ പാളയം സി.ആർ.ഡി. സ്പെഷ്യൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. തുയിലുണരൂ..തുയിലുണരൂ.. തുമ്പികളെ എന്നുതുടങ്ങുന്ന ഗാനമാണ് മത്സരത്തിൽ അമൽ പാടി എ ഗ്രേഡ് നേടിയത്. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും ഗുരുക്കന്മാർ പാടുന്നതുകേട്ട് മനഃപാഠമാക്കി അമൽ പാടുമ്പോൾ പ്രത്യേക ഭാവമാണ്.

കുഞ്ഞുനാളുമുതൽ പാട്ടിനോട് ഇഷ്ടം തോന്നിയ അമലിനെ അമ്മ യമുന ആ വഴിക്ക് തന്നെ വിടുകയായിരുന്നു. പാട്ട് പഠിച്ച് മത്സരങ്ങളിലൊക്കെ പങ്കെടുത്തതോടെ കാഴ്ച ഇല്ലെന്നൂള്ള കുറവ് മറക്കാൻ അമലിന് സാധിച്ചു. നിരന്തരമായ ചികിത്സയിലൂടെ ഇപ്പോൾ ഇരുപത് ശതമാനം കാഴ്ച തിരികെക്കിട്ടിയതായി വീട്ടുകാർ പറഞ്ഞു. എട്ടാം ക്ലാസ് വരെ വെങ്ങാനൂർ സ്‌കൂളിലാണ് അമൽ പഠിച്ചത്. വെങ്ങാനൂരിലെ സതീദേവി ടീച്ചറാണ് പാട്ട് ആദ്യം പഠിപ്പിച്ചത്. ഇപ്പോൾ പാളയത്തെ സ്‌കൂളിലെ അധ്യാപകൻ ജോയലാണ് ഗുരു.

യേശുദാസിന്റെ പാട്ടുകളോടാണ് അമലിന് ഏറ്റവും പ്രിയം. സാമൂഹികനീതി വകുപ്പും പഞ്ചായത്തുകളുമൊക്കെ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും അമൽ നേടിയിട്ടുണ്ട്. രണ്ടുവർഷമായി വയലിനും പഠിക്കുന്ന അമലിന് ഒരു മികച്ച സംഗീതജ്ഞനാകാനാണ് ആഗ്രഹം. പഠിക്കാനും മിടുക്കനാണ് അമൽ.

പുസ്തകങ്ങൾ വായിച്ചുകേട്ടാണ് പഠിക്കുന്നത്. കാഴ്ചവൈകല്യമുള്ളതിനാൽ പ്രത്യേക രീതിയിലാണ് പരീക്ഷ. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും ഡിഗ്രി വിദ്യാർഥിയായ സഹോദരൻ അഖിലും എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഓലമേഞ്ഞ് കട്ട കെട്ടിയ വീട്ടിൽ അമലിന് കിട്ടുന്ന സമ്മാനങ്ങൾ സൂക്ഷിക്കാൻപോലും നല്ലൊരിടമില്ല. വെങ്ങാനൂർ പഞ്ചായത്തിൽ വീടിന് അപേക്ഷനൽകി കാത്തിരിക്കുകയാണ് അമലിന്റെ കുടുംബം.

content highlights: visually challenged 19 year old singer amal