തൃശ്ശൂർ: അംഗഭംഗം വന്ന ശരീരവുമായി എവിടെയോ അനാഥനായിത്തീരേണ്ട ഒരന്യനാട്ടുകാരന്റെ ജീവനെ സ്വന്തം ജീവിതത്തോട് ചേർത്തുപിടിച്ച് വിക്രമൻ എന്ന കൃഷിക്കാരന്റെ നന്മ. പടക്കം പൊട്ടി വലത് കൈപ്പത്തി ചിതറിത്തെറിച്ച് ദേഹമാസകലം മുറിവേറ്റ ജാർഖണ്ഡ‍് സ്വദേശി അരുൺ(23) വിക്രമന്റെ വീട്ടുമുറിയിലെ കട്ടിലിൽ സുഖം പ്രാപിക്കുന്നു. ഭക്ഷണവും മരുന്നും മുടങ്ങാതെ നൽകി പ്രാഥമിക കൃത്യങ്ങൾക്കു പോലും സഹായിയായി വിക്രമൻ രണ്ട് മാസത്തോളമായി അരുണിന് താങ്ങും കരുതലുമായി ഒപ്പമുണ്ട്.

തൃശ്ശൂർ കൈപ്പറമ്പിലെ കൃഷിക്കാരനായ വിക്രമന്റെ ബന്ധുവോ സുഹൃത്തോ അല്ല ജാർഖണ്ഡ് ദുംഗ ജില്ലയിലെ വിജയ്‌പുർ ഡൗഡോള സ്വദേശി അരുൺ. കൈപ്പറമ്പിൽ താമസിച്ച് കെട്ടിടംപണി ചെയ്യുന്ന അരുണിനെ വിക്രമൻ ആദ്യമായി കാണുന്നത് ഇൗ പുതുവർഷം പുലരുംവേളയിലാണ്. വീടിനടുത്ത് ആരൊക്കെയോ പടക്കം പൊട്ടിക്കുന്നത് വിക്രമൻ കേട്ടിരുന്നു. ഏറെ വൈകാതെ വീട്ടുവാതിലിൽ ആരോ മുട്ടുന്നത് കേട്ടു. പടക്കം പൊട്ടിച്ച കൂട്ടുകാരന് അപകടം പറ്റിയെന്നും സഹായം േവണമെന്നും ആവശ്യപ്പെട്ട് എത്തിയ അന്യസംസ്ഥാനത്തൊഴിലാളികളായിരുന്നു അത്. വിക്രമൻ എത്തിയപ്പോൾ കാണുന്നത് വഴിയോരത്ത് കൈപ്പത്തി തകർന്ന് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവാവിനെ. അവിടെ വെച്ചാണ് അരുണിനെ വിക്രമൻ ആദ്യമായി കാണുന്നത്.

ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലാക്കി. കൂട്ടുകാരും സ്പോൺസറും തൊഴിലുടമയും അരുണിനെ കൈയൊഴിഞ്ഞതോടെ വിക്രമൻ സഹായവമായെത്തി. പ്ലാസ്റ്റിക് സർജറിയും ചികിത്സയുമായി ഒരു മാസം മെഡിക്കൽ കോളേജിൽ കിടന്നപ്പോൾ സഹായത്തിന് ഒരാളെ നിർത്തി വിക്രമൻ. ആശുപത്രിച്ചെലവുകളും വഹിച്ചു.

ആശുപത്രി വിട്ടപ്പോൾ പോകാനിടമില്ലാത്ത അരുണിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. തുടർചികിത്സയ്ക്കായി ആഴ്ചതോറും മെഡിക്കൽ കോളേജിൽ കൊണ്ടുപോകുന്നതും വിക്രമൻ തന്നെ.

ശാരീരികാവസ്ഥ ഭേദപ്പെട്ടാൽ നാട്ടിലേക്ക് പോകണമെന്നുണ്ട് അരുണിന്. മാതാപിതാക്കളില്ലെങ്കിലും നാട്ടിൽ ചേട്ടന്മാരും ചേച്ചിയുമുണ്ട്്. അവരുടെ നന്പർ അറിയില്ല. ഫോണിലാണ് സൂക്ഷിച്ചിരുന്നത്. പടക്കത്തോടൊപ്പം ഫോണും പൊട്ടിത്തെറിച്ചു. തിരിച്ചറിയിൽ രേഖകളുമില്ല. താമസിച്ചിരുന്ന മുറിയിലായിരുന്നു അത്. ആ മുറി കൂട്ടുകാർ ഒഴിഞ്ഞു. അതോടെ രേഖകളും നഷ്ടമായി. നാട്ടിൽ പോകാനാകുംവരെ കരുതലുണ്ടാകുമെന്ന് വിക്രമൻ ഉറപ്പു നൽകിയിട്ടുണ്ട്. അതാണ് അരുണിന്റെ ശക്തി.

Content Highlights: Vikraman helps Jharkhand native injured in an accident