റായ്ച്ചുര്‍: കര്‍ണാടകത്തെ ദുരിതത്തിലേക്ക് തള്ളിവിട്ട പ്രളയത്തിനിടെ ഏവരുടെയും കൈയടി നേടിയ ഒരു വീഡിയോയുണ്ടായിരുന്നു. കനത്തമഴയില്‍ നദിക്ക് കുറുകെയുള്ള പാലം മുങ്ങിയിട്ടും അതൊന്നും വകവെയ്ക്കാതെ ആംബുലന്‍സിന് വഴികാട്ടിയായ ഒരു ബാലന്റെ വീഡിയോ. വ്യക്തമായ സ്ഥലമോ കുട്ടിയുടെ പേരോ ഇല്ലാതെ സാമൂഹികമാധ്യമങ്ങളില്‍ ആ വീഡിയോ പ്രചരിച്ചു. നിരവധിപേര്‍ അവന്റെ ധീരതയെ അഭിനന്ദിച്ചു. പക്ഷേ, അവന്‍ ആരാണെന്ന വിവരം മാത്രം ഇത്രയുംദിവസം ആര്‍ക്കുമറിയില്ലായിരുന്നു. ഒടുവിലിതാ ആ ധീരനായ ബാലനെ മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. 

കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ ദേവദുര്‍ഗ താലൂക്കില്‍ ഹിരേരായനകുമ്പി ഗ്രാമത്തിലെ വെങ്കടേഷ് എന്ന 12 വയസ്സുകാരനാണ് ആ ധീരന്‍. പാലം വെള്ളത്തില്‍ മുങ്ങിയിട്ടും ആംബുലന്‍സിന് വഴികാണിക്കാനായി പാലത്തിന് മുകളിലൂടെ ഓടിയ അവന് താന്‍ ചെയ്തത് വലിയ കാര്യമാണെന്നൊന്നും തോന്നുന്നില്ല. ആ സമയത്ത് ഡ്രൈവറെ സഹായിക്കണമെന്നത് മാത്രമായിരുന്നു തന്റെ മനസിലുണ്ടായിരുന്നതെന്നാണ് വെങ്കടേഷ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. 

ആറു കുട്ടികളുമായി മച്ചനൂര്‍ ഗ്രാമത്തിലേക്ക്  പോവുകയായിരുന്ന ആംബുലന്‍സിനാണ് വെങ്കടേഷ് വഴികാട്ടിയായത്. ഒരു സ്ത്രീയുടെ മൃതദേഹവും ആംബുലന്‍സിലുണ്ടായിരുന്നു. നദിയില്‍ വെള്ളം കൂടി പാലം മൂടിയനിലയിലായിരുന്നു. ഇതുകണ്ടതോടെ ആംബുലന്‍സ് ഡ്രൈവര്‍ മഞ്ജു ഒന്നു പകച്ചു. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ആംബുലന്‍സ് ഡ്രൈവര്‍ സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വെങ്കടേഷിനോടും സുഹൃത്തുക്കളോടും സഹായംതേടി. വഴി എങ്ങനെയാണെന്ന് പറഞ്ഞുതരാനാണ് മഞ്ജു ആവശ്യപ്പെട്ടതെങ്കിലും വെങ്കടേഷ് അത് കൃത്യമായി കാണിച്ചുകൊടുക്കുകയായിരുന്നു. 

തന്നെ പിന്തുടരാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ട വെങ്കടേഷ് പാലത്തിന് മുകളിലൂടെ ആദ്യം ഓടി. തൊട്ടുപിന്നാലെ വെങ്കടേഷ് കാണിച്ചുതന്ന വഴിയിലൂടെ ആംബുലന്‍സും പാലം കടന്നു. പാലത്തിലൂടെ നടക്കുന്നതുപോലും അപകടകരമാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് വെങ്കടേഷ് ആംബുലന്‍സിന് വഴികാട്ടിയായത്. 

താന്‍ ചെയ്തത് ഒരു ധീരപ്രവൃത്തിയായിരുന്നോ അല്ലയോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ആ സമയത്ത് ആംബുലന്‍സ് ഡ്രൈവറെ സഹായിക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം- അന്നത്തെ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വെങ്കടേഷിന് പറയാനുള്ളത് ഇത്രമാത്രം. 

വെങ്കടേഷ് പാലത്തിന് മുകളിലൂടെ ഓടി വഴികാണിക്കുന്നതിന്റെ വീഡിയോ ആരോ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ സംഭവം വൈറലായി. പക്ഷേ, വീഡിയോയിലെ ബാലനെ കണ്ടെത്താന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടിവന്നു. അവനെ അന്വേഷിച്ചെത്തിയവര്‍ക്ക് ആദ്യം ലഭിച്ച വിവരം വെങ്കടേഷും കുടുംബവും പ്രളയത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയെന്നതായിരുന്നു. പിന്നീട് അവിടെനിന്നും ഇവര്‍ യാഡ്ഗിറിലെ ബന്ധുവീട്ടിലേക്ക് മാറുകയായിരുന്നു. 

ഹിരേരായനകുമ്പി സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ വെങ്കടേഷ് നേരത്തെയും സമാനസാഹചര്യങ്ങളില്‍ രക്ഷകനായിട്ടുണ്ടെന്ന് സഹോദരന്‍ ഭീമാരയ്യ പറയുന്നു. അവനും അവന്റെ സുഹൃത്തുക്കളും നദിയില്‍ കളിക്കുന്നതും കുളിക്കുന്നതും പതിവാണ്. രണ്ടുവര്‍ഷം മുന്‍പ് നദിയില്‍ മുങ്ങിപ്പോയ ഒരു സ്ത്രീയെ വെങ്കടേഷ് രക്ഷപ്പെടുത്തിയിരുന്നു- ഭീമാരയ്യ ഓര്‍ത്തെടുത്തു. 

ഹിരേരായനകുമ്പിയിലെ ദരിദ്ര കര്‍ഷകനായ ദേവപ്പയാണ് വെങ്കടേഷിന്റെ പിതാവ്. മകന്റെ ധീരതയില്‍ പിതാവിനും അഭിമാനം മാത്രം. എന്തായാലും ഇത്തവണത്തെ ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് വെങ്കടേഷിന്റെ പേരും നിര്‍ദേശിക്കാനാണ് റായ്ച്ചുര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അത് അവന്‍ അര്‍ഹിക്കുന്നത് തന്നെയാണെന്ന് ഉദ്യോഗസ്ഥരും ഉറച്ചുപറയുന്നു. 

Story Courtesy: The New Indian Express 

Content Highlights: venkatesh from raichur who guided ambulance across flooded bridge in raichur