മൂവാറ്റുപുഴ: വാളകം സെയ്ന്റ് സ്റ്റീഫന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ കാന്‍സര്‍ രോഗികള്‍ക്കായി കേശദാനം നടത്തി. ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. വാളകം പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു ഉദ്ഘാടനം ചെയ്തു.

വര്‍ഷാവസാന പരീക്ഷയ്ക്കു മുമ്പായി ഒരു സത്കര്‍മം എന്ന നിലക്കാണ് കുട്ടികള്‍ മുടിദാനം ചെയ്തത്. എഴുപതിലേറെ കുട്ടികള്‍ മുടി ദാനം ചെയ്തു. റെഡ്‌ക്രോസ് താലൂക്ക് ചെയര്‍മാന്‍ പോള്‍ ചാത്തംകണ്ടം മുഖ്യപ്രഭാഷണം നടത്തി.

ക്യാന്‍സര്‍ രോഗം മൂലം മുടി നഷ്ടപ്പെട്ട ആര്‍ക്കെങ്കിലും വിഗ് ആവശ്യമുണ്ടെങ്കില്‍ സൗജന്യമായി നല്‍കാന്‍ തയ്യാറാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.

വാളകം പഞ്ചായത്ത് വിദ്യാഭ്യാസ ഉപസമിതി ചെയര്‍പേഴ്‌സണ്‍ ഷീല മത്തായി, സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കുറ്റിപ്പുഴയില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജമുന പി. പ്രഭു, ഹെഡ്മാസ്റ്റര്‍ വ്യാസന്‍ പി.പി., പി.ടി.ഐ. പ്രസിഡന്റ് വര്‍ഗീസ് ഒ.ജെ., മദേഴ്‌സ് ഫോറം പ്രസിഡന്റ് മിനി ജയന്‍, റെഡ്‌ക്രോസ് താലൂക്ക് വൈസ് ചെയര്‍മാന്‍ ജിമ്മി ജോസ് എന്നിവര്‍ സംസാരിച്ചു.

content highlights:valakam st stephen school students donates hair to cancer patients