ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതകളില്‍ വലഞ്ഞ സഹയാത്രികന് സഹായവുമായി ഡോക്ടര്‍ കൂടിയായ കേന്ദ്രമന്ത്രി. ധനവകുപ്പ് സഹമന്ത്രി ഡോ. ഭഗവത് കാരാഡാണ് യാത്രികന് അടിയന്തര സഹായവുമായെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. 

തലചുറ്റല്‍ അനുഭവപ്പെടുന്നതായി സഹയാത്രികന്‍ പറഞ്ഞതോടെ ഡോ. കാരാഡ് അരികിലെത്തുകയായിരുന്നു. സീറ്റില്‍ കിടത്തിയിരിക്കുന്ന യാത്രക്കാരന് സമീപം മന്ത്രി നില്‍ക്കുന്നതിന്റെ ചിത്രങ്ങളും പുറത്തെത്തി. ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി പേരാണ് കാരാഡിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

യാത്രക്കാരന്‍ വിയര്‍ത്തൊലിക്കുകയായിരുന്നു എന്നും രക്തസമ്മര്‍ദം കുറവായിരുന്നെന്നും കാരാഡ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു. ഗ്ലൂക്കോസ് നല്‍കിയതിന് പിന്നാലെ യാത്രക്കാരന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ യാത്രക്കാരനെ സഹായിച്ചതിന് ഇന്‍ഡിഗോ വിമാനക്കമ്പനിയും ഡോ. കാരാഡിനെ നന്ദി അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമാണ് ഡോ. കാരാഡ്. 

content highlights: union minister dr bhagwat karad helps co passenger who felt giddiness