വാഴൂര്‍ (കോട്ടയം): 29 വര്‍ഷം മുന്‍പ് ഇരട്ടക്കുട്ടികള്‍ പിറന്നപ്പോള്‍ ഗോപിനാഥന്‍നായരും സുഷമയും ഏറെ സന്തോഷത്തിലായിരുന്നു. 29 വര്‍ഷം പിന്നിടുമ്പോള്‍ ആ സന്തോഷത്തിന് ഇരട്ടി മധുരമാണ്. ഇരുവരും ഒന്നിച്ച് പോലീസ് കോണ്‍സ്റ്റബിള്‍ പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാനൊരുങ്ങുകയാണ്. വാഴൂര്‍ ഇളങ്ങോയി പുത്തന്‍പുരയ്ക്കല്‍ വീട്ടിലെ ഇരട്ട സഹോദരങ്ങളായ വിഷ്ണുവും ജിഷ്ണുവുമാണ് ഒന്നിച്ച് കാക്കിയണിഞ്ഞത്.

ഇരുവരും ഒരേസ്‌കൂളില്‍ ഒരേ ക്ലാസുകളിലായാണ് പഠനം പൂര്‍ത്തിയാക്കിയത്. ചെറുപ്പകാലം മുതല്‍ ഇരുവരുടെയും മോഹമായിരുന്നു പോലീസുകാരാകുക എന്നത്. കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആര്‍.ഡി. കോളേജില്‍നിന്ന് ബി.എസ്.സി. ഇലക്ട്രോണിക്സ് പഠനം പൂര്‍ത്തിയാക്കിയ ഇരുവരും പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി. കോളേജില്‍നിന്ന് എം.എസ്സി. ബിരുദവും നേടി. 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ മുതല്‍ എല്ലാ പി.എസ്.സി. പരീക്ഷകള്‍ക്കും അപേക്ഷ നല്‍കി എഴുതിത്തുടങ്ങി.

പലപ്പോഴും ലിസ്റ്റില്‍ കയറിയെങ്കിലും ജോലി കിട്ടിയില്ല. ഇതോടെ സര്‍ക്കാര്‍ ജോലി നേടാന്‍ തീവ്രപരിശീലനം തുടങ്ങി. പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചും എഴുതിയുമെല്ലാം അറിവുകള്‍ നേടി. 2018-ല്‍ നടന്ന പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ പ്രധാന പട്ടികയില്‍ ഇരുവരും ഇടം നേടി.

ഇതോടെ കായിക പരിശോധനയ്ക്കായി ഒന്നിച്ച് കഠിന പരിശ്രമവും ആരംഭിച്ചു. കണ്ണൂരിലെ പോലീസ് ക്യാമ്പില്‍നിന്നാണ് ഇരുവരും പരിശീലനം പൂര്‍ത്തിയാക്കിയത്. ഉടനെ ഇവര്‍ കുട്ടിക്കാനത്തെ പോലീസ് ക്യാമ്പിലേക്ക് മാറും. ഒന്നിച്ച് ഒരേ സ്റ്റേഷനില്‍ തന്നെ ജോലിചെയ്യണമെന്നാണ് ഇവരുടെ മറ്റൊരു ആഗ്രഹം.

content highlights: twin brothers clears police constable exam