കൊച്ചി: തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നൃത്തബിരുദ പഠനത്തിന് പ്രവേശനം നേടി ട്രാൻസ്‌ജെൻഡർമാരായ രഞ്ജുമോൾ മോഹനും തൻവി രാകേഷും. ബുധനാഴ്ച കോളേജിലെത്തി പഠനം തുടങ്ങാനുള്ള ഒരുക്കത്തിലാണിവർ.

സംസ്ഥാനത്തുതന്നെ ട്രാൻസ്‌ജെൻഡർ എന്ന നിലയിൽ നൃത്തബിരുദ പഠനത്തിന് പ്രവേശനം ലഭിക്കുന്ന ആദ്യ വിദ്യാർഥികളാണെന്ന് ഇവർ അവകാശപ്പെടുന്നു. മുമ്പ് പല തവണ നൃത്തബിരുദ പഠനത്തിനുള്ള ആഗ്രഹവുമായി കോളേജുകൾ കയറിയിറങ്ങിയെങ്കിലും ട്രാൻസ്‌ജെൻഡറുകൾക്ക് സംവരണം ഇല്ലാത്തതിനാൽ പ്രവേശനം ലഭിക്കാതെ പോകുകയായിരുന്നു.

ഒമ്പതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കേരളനടനം, ഭരതനാട്യം, നാടോടിനൃത്തം എന്നിവയിൽ മത്സരിച്ചിട്ടുള്ളയാളാണ് തൃപ്പൂണിത്തുറക്കാരിയായ തൻവി. എ ഗ്രേഡും പലവട്ടം നേടിയിട്ടുണ്ട്.

ബി.കോം പഠനം പൂർത്തിയാക്കിയ ശേഷമാണ് തൻവി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. പിന്നീട് കൊച്ചി മെട്രോയിൽ ഒരു വർഷം ജോലി ചെയ്തു.

2017-ൽ ബി.എ. ഭരതനാട്യം പ്രവേശനത്തിന് അപേക്ഷ നൽകി. എന്നാൽ ട്രാൻസ്‌ജെൻഡറായതോടെ പഴയ സർട്ടിഫിക്കറ്റിലെ പേരും പുതിയ വ്യക്തിയായ ശേഷമുള്ള പേരും ഉള്ള ആൾ ഒന്നാണ് എന്ന് തെളിയിക്കുന്നതിൽ സാങ്കേതിക പ്രശ്‌നങ്ങൾ വന്നു.

കഴിഞ്ഞ ആറ് വർഷമായി പെരുവയിൽ ഡാൻസ് സ്‌കൂൾ നടത്തിവരികയാണ്. അന്ന് നഷ്ടമായ അവസരം ഇത്തവണ കൈവന്നു.

കോട്ടയം മാന്നാർ സ്വദേശി രഞ്ജു അഞ്ചാം ക്ലാസ് മുതൽ ഓട്ടൻതുള്ളൽ പഠിക്കുന്നു. കലാമണ്ഡലത്തിൽ കഥകളി പഠിക്കാൻ ആഗ്രഹിച്ചെങ്കിലും നടക്കാതെയായതോടെ ബി.എസ്‌സി. ജ്യോഗ്രഫി പഠിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കി. പഠനം കഴിഞ്ഞ് കൊച്ചി മെട്രോയിൽ ജോലി ചെയ്തു. പണ്ട് മാറ്റിവെച്ച ആഗ്രഹം ഇത്തവണ ആർ.എൽ.വി. കോളേജിലെ ബി.എ. കഥകളി പഠനത്തിലൂടെ നേടുകയാണ് രഞ്ജു.