കുന്നംകുളം: വെള്ളിത്തിരുത്തി കണ്ടംപുള്ളി സതീഷിന്റെയും ജിഷയുടെയും വീട്ടിലെ അരുമയാണ് കണ്ണൻ എന്ന കാളക്കുട്ടൻ. കോടാലിയിൽനിന്ന് വാങ്ങിയ പശുവിന്റെ ആദ്യത്തെ കുട്ടി. ഒന്നര വയസ്സായപ്പോൾ വിൽക്കേണ്ട സമയമായെങ്കിലും മനസ്സുവന്നില്ല. പിന്നെ അവനെ പിടിച്ചുനിർത്താനുള്ള വഴികളിലായി ആലോചന.

കാളക്കുട്ടനെ വിറ്റാൽ മാംസത്തിനാണ് ഉപയോഗിക്കുക. വീട്ടുകാർക്കിത് ചിന്തിക്കാൻകൂടി വയ്യ. പഴയകാലത്ത് എണ്ണക്കുരുക്കളിൽനിന്ന് എണ്ണയെടുക്കാൻ കാളയെ ഉപയോഗിച്ചുള്ള മരച്ചക്കിനെക്കുറിച്ച് അപ്പോഴാണ് ഓർത്തത്. ഇന്നിപ്പോൾ വീട്ടുകാരുടെ സ്നേഹം കൊണ്ടൊരുക്കിയ ചക്ക് തിരിച്ച് എണ്ണ കിനിയിക്കുകയാണ് കണ്ണൻ.

തിരൂർ ഗാന്ധിയൻ പ്രകൃതിഗ്രാമത്തിലെ ഡോ. പി.എ. രാധാകൃഷ്ണനാണ് കണ്ണനുവേണ്ടി മരച്ചക്ക് നിർമിക്കാമെന്ന ആശയം നിർദേശിച്ചത്. കാളയെ ഉപയോഗിച്ചുള്ള ചക്കുകൾ പ്രചാരത്തിലില്ലാത്തതിനാൽ പഴയ ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചായിരുന്നു നിർമാണം. താമരയൂർ സ്വദേശി തൈക്കാട്ടിൽ സോമന്റെ നേതൃത്വത്തിലാണ് ചക്ക് നിർമിച്ചത്. നാലുലക്ഷം രൂപ ചെലവായി. പണികൾ പുരോഗമിച്ചതിനൊപ്പം കാളക്കുട്ടനും പരിശീലനം നൽകി.

‘‘കണ്ണനിപ്പോൾ മൂന്നു വയസ്സായി. നുകം കഴുത്തിൽ വെച്ചാൽ നടത്തം തുടങ്ങും. വരുന്നതിനും പോകുന്നതിനും മുമ്പ് പഴം നൽകണം. അതും ശീലമായി.’’ - സതീഷും ജിഷയും പറഞ്ഞു. ഇവരുടെ വീട്ടിൽ നാല് പശുക്കളും ഒരു കാളക്കുട്ടിയുമാണുള്ളത്. ചക്കിൽ ആറ് കിലോഗ്രാം കൊപ്ര എണ്ണയാക്കി മാറ്റാൻ 45 മിനിറ്റ് വേണം.

സ്നേഹത്തിന്റെ വലിയ സന്ദേശം

വീട്ടിൽ ഓമനിച്ചുവളർത്തിയ മൃഗത്തെ കൈവിടാതെ സ്നേഹത്തോടെ ചേർത്തുപിടിക്കുകയാണ് ഈ വീട്ടുകാർ. മരച്ചക്കിലൂടെ സഹജീവിയോടുള്ള സ്നേഹത്തിനപ്പുറം അവനുള്ള കരുതലും കൂടിയാണ് നൽകുന്നത്. ചെറിയ ശ്രമമാണെങ്കിലും വലിയ സന്ദേശം ഇതിലുണ്ട്.

ആ വീട്ടിലെ അമ്മയുടെ സ്നേഹമാണ് ചക്കായി രൂപാന്തരപ്പെട്ടത്. സ്നേഹത്തിന് എണ്ണ എന്നൊരു അർത്ഥം കൂടിയുണ്ടെന്നോർക്കണം. അതാണ് ഇവിടെ അന്വർഥമാകുന്നത്.- വി.കെ. ശ്രീരാമൻ, നടൻ, എഴുത്തുകാരൻ.

Content Highlights: Traditional Ox-driven Oil Mill at thrissur