മയ്യില്‍(കണ്ണൂര്‍): ആംബുലന്‍സിന്റെ സൈറണ്‍ കേള്‍ക്കുമ്പോള്‍ തന്നെ പേടിതോന്നുന്നവരാണ് മിക്കവരും. ഇവര്‍ക്കിടയിലാണ് മയ്യില്‍ ടൗണിലെ എം.എം.സി. ആസ്പത്രിയിലെ സ്റ്റാഫ് നഴ്സ് വെള്ളരിക്കുണ്ട് മാലോമിലെ ബിജി ജോര്‍ജ് (32) വ്യത്യസ്തയാകുന്നത്. മറ്റ് ഇരുചക്ര വാഹനങ്ങളും നാലുചക്ര വാഹനങ്ങളും ഓടിക്കുന്ന ബിജിയുടെ കൈയില്‍ ആംബുലന്‍സിന്റെ സ്റ്റിയറിങ്ങും ഭദ്രം.

രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ എം.എം.സി. ആസ്പത്രിയില്‍ നഴ്സായി ജോലിക്കെത്തിയത്. ഇതിനിടെ രോഗിയെ കൂട്ടിവരുമ്പോഴാണ് ആംബുലന്‍സ് ഓടിക്കാന്‍ ബിജിക്ക് ആഗ്രഹം തോന്നിയത്. ഇപ്പോള്‍ അവധി ദിവസങ്ങളിലും മറ്റും ജില്ലയിലും പുറത്തും ആംബുലന്‍സുമായി ബിജി പോകാറുണ്ട്.

കോറളായിയിലെ ആര്‍.പി.മുഹമ്മദ്കുഞ്ഞി ഹാജി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സാണ് ഇപ്പോള്‍ ഓടിക്കുന്നത്. ദൂരവും സമയവും പ്രശ്‌നമാക്കാതെ ബിജി ധൈര്യത്തോടെ ആംബുലന്‍സ് ഓടിക്കാറുള്ളതായി പരിശീലനം നല്‍കിയ പെരുവങ്ങൂരിലെ എം.അബൂബക്കര്‍ പറഞ്ഞു. കുട്ടിക്കാലം മുതല്‍ വാഹനങ്ങളോട് തോന്നിയ കമ്പമാണ് ആംബുലന്‍സ് ഓടിക്കുന്നതിലേക്ക് വരെ എത്തിയത്.

കടൂര്‍ ഒറവയലിലെ ക്വാര്‍ട്ടേഴ്സിലാണ് ബിജിയുടെ താമസം. വിദേശത്ത് സൂപ്പര്‍വൈസറായ സാം ജോര്‍ജാണ് ഭര്‍ത്താവ്. കെസിയ, കെവിന്‍ എന്നിവര്‍ മക്കളാണ്.

content highlights: this nurse will drive ambulance also