രുചക്ര വാഹനയാത്രയ്ക്കിടെ ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പോലീസ് പെറ്റിയടിക്കും. അങ്ങനെ ഒരു പെറ്റി കിട്ടിയതിന്റെ വാശിയില്‍ പോലീസ് ആകണമെന്ന് തോന്നി. അങ്ങനെ പോലീസ് ആയിരിക്കുകയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി അമീര്‍. 

പോലീസ് ആകണമെന്നുള്ള അമീറിന്റെ ആഗ്രഹത്തിനു പിന്നിലെ ആ സംഭവം നടക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അമീര്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. ബാപ്പയുമായി ബൈക്കില്‍ സഞ്ചരിക്കവേ ഹെല്‍മെറ്റ് വെക്കാന്‍ മറന്നു. പോലീസ് കയ്യോടെ പൊക്കി, പെറ്റിയടിച്ചു. 

ആ പെറ്റിയിപ്പോഴും തന്റെ പേഴ്‌സിലുണ്ടെന്ന് അമീര്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ആ പെറ്റി സൂക്ഷിച്ചു വെച്ചു. ജോലിയില്‍ കയറിയിട്ട് അത് എടുത്തുനോക്കണം, അന്നത് കാണണം എന്നൊരു വാശിയുണ്ടായിരുന്നു. പോലീസില്‍ തന്നെ കേറുമെന്ന് അന്നേ പറഞ്ഞിട്ടുണ്ടായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടു. ഒത്തിരിപ്പേര്‍ സഹായിച്ചു. പരിശീലനത്തിന് വന്നപ്പോള്‍ കുറച്ചു പേടിയുണ്ടായിരുന്നു. പത്തുമാസം കഴിഞ്ഞപ്പോ ഊര്‍ജം ഉന്മേഷവുമൊക്കെയായി വളരെ ഹാപ്പിയാണ്, അമീര്‍ പറയുന്നു. 

മകന്റെ നേട്ടത്തില്‍ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. നേടുമെന്ന് വാശിയുണ്ടായിരുന്നു നേടി- അമീര്‍ കാക്കിക്കുപ്പായം അണിയുന്നതിനെ കുറിച്ച് അമ്മയുടെ പ്രതികരണം ഇങ്ങനെ. ഗള്‍ഫില്‍ പോകണമെന്ന് പറയുമ്പോള്‍, അതു പോരാ ഞാന്‍ നാട്ടില്‍ ഒരു ജോലി നേടും എന്നായിരുന്നു അമീറിന്റെ വാശിയെന്ന് പിതാവും പറയുന്നു.

തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി. ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 2362 പേരാണ് കേരളാ പോലീസിന്റെ ഭാഗമായത്. അവര്‍ക്കൊപ്പം ഇനി നിയമംലംഘിക്കുന്നവര്‍ക്ക് താക്കീതുമായി അമീറും ഉണ്ടാകും. 

content highlights: the 'petty story' behind ameer's ambition to join police