ആളൂര്‍(തൃശ്ശൂര്‍): പറമ്പി റോഡിലെ ബേയ്‌സ് ട്രേഡേഴ്‌സ് എന്ന തുണിക്കടയില്‍ കഴിഞ്ഞദിവസം രാത്രി മുഴുവന്‍ തിരക്കായിരുന്നു. ഉടമകളായ അജിതന്റെയും ഭാര്യാസഹോദരന്‍ അശോകന്റെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് മൂവായിരം ജോഡി തുണിത്തരങ്ങള്‍ കെട്ടിയൊതുക്കുകയായിരുന്നു. പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കായി കടയിലെ മുഴുവന്‍ തുണികളാണ് ഇവര്‍ സൗജന്യമായി നല്‍കിയത്.

ആളൂര്‍ വെള്ളാഞ്ചിറ പറമ്പി റോഡിലുള്ള കാമറ്റത്തി വീട്ടില്‍ അജിതനും ആലത്തൂര്‍ കുറ്റിപ്പറമ്പില്‍ അശോകനുമാണ് അഞ്ച് ലക്ഷത്തോളം രൂപയുടെ തുണികള്‍ നല്‍കിയത്. പ്രവാസികളായ ഇരുവരും നാട്ടില്‍ തിരിച്ചെത്തിയശേഷം ഒരുവര്‍ഷം മുന്‍പാണ് തുണിക്കട തുടങ്ങിയത്. 12 വയസ്സ് വരെയുള്ള കുട്ടികളുടെ വസ്ത്രങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. 

പ്രളയം കവര്‍ന്നെടുത്ത കുടുംബങ്ങളുടെ ദുരിതമറിഞ്ഞ ഇരുവരും കടയിലെ മുഴുവന്‍ വസ്ത്രങ്ങളും അവര്‍ക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അജിതന്റെ ഭാര്യ ഗീതയും മക്കളായ ബി.ടെക് വിദ്യാര്‍ഥി അബില്‍, പ്ലസ് വണ്‍ വിദ്യാര്‍ഥി അനല്‍ എന്നിവരും ഒപ്പംനിന്നു. 

വസ്ത്രങ്ങളടങ്ങിയ പെട്ടികള്‍ ഇവര്‍ തൃശ്ശൂര്‍ കളക്ടറേറ്റിലെ കളക്ഷന്‍ സെന്ററില്‍ എത്തിച്ച് നല്‍കി. കെ.യു. അരുണന്‍ എം.എല്‍.എ. സ്ഥലത്തെത്തി അജിതന്റെയും അശോകന്റെയും നന്മയെ അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.എസ്. വിനയന്‍, ആളൂര്‍ പഞ്ചായത്തംഗം മുജീബ്, ജലജ തിലകന്‍, എം.എസ്. മൊയ്തീന്‍, ആളൂര്‍ പോലീസ് എസ്.ഐ. കെ.എസ്. സുശാന്ത് തുടങ്ങിയവരും എത്തിയിരുന്നു.

content highlights: Textile owners donates dress to flood victims