ആനക്കര(പാലക്കാട്): ചുറ്റുമുള്ള നന്മനിറഞ്ഞ മനസ്സുകള്‍ ഒരുക്കുന്ന വീടെന്ന തണലിലേക്ക് കയറിച്ചെല്ലുന്ന സന്തോഷത്തിലാണ് സുഹറയും കുടുംബവും. ഇവര്‍ക്കൊരു വീടിനായി കുമ്പിടി ഉമ്മത്തൂര്‍സ്വദേശി തുറക്കല്‍ മുഹമ്മദാലി എന്ന 'മലബാര്‍ മാനു' മുന്നിട്ടിറങ്ങിയപ്പോള്‍ നാടും ഒരുമിച്ചു. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ചങ്ങനകാട്ടില്‍ സുഹറയ്ക്കും (44) കുടുംബത്തിനും മുഹമ്മദാലി വീട് നിര്‍മിച്ചുനല്‍കിയത്.

വര്‍ഷങ്ങളായി കുറ്റിപ്പുറത്തെ മഹിളാമന്ദിരത്തിലാണ് സുഹറയും നാല് മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ഈ കുടുബത്തിന്റെ ദയനീയാവസ്ഥ കണ്ടതോടെ വീട് നിര്‍മിച്ചുകൊടുക്കാന്‍ മുഹമ്മദാലി തീരുമാനിച്ചപ്പോള്‍ ഉമ്മത്തൂര്‍ ജനകീയ കര്‍മസമിതി അംഗങ്ങളും കൈകോര്‍ത്തു. വീട് നിര്‍മിക്കുന്നതിനായി ഉമ്മത്തൂരിലെ തന്റെ നാല് സെന്റ് സ്ഥലവും മുഹമ്മദാലി വിട്ടുനല്‍കി.

ആറുലക്ഷംരൂപ ചെലവിലാണ് രണ്ട് കിടപ്പുമുറിയും അടുക്കളയും ഹാളും സിറ്റൗട്ടും അടങ്ങുന്ന വീട് നിര്‍മിച്ചത്. വീടിന്റെ താക്കോല്‍ദാനം മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം നിര്‍വഹിച്ചു. ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ്, പഞ്ചായത്തംഗങ്ങളായ സാലിഹ്, കെ.പി. മുഹമ്മദ്, ഉമ്മത്തൂര്‍ ജനകീയ കര്‍മസമിതി അംഗങ്ങളായ പി.സി. പ്രദീപ്, ടി.കെ. റഫീഖ്, സുര എന്നിവര്‍ പങ്കെടുത്തു.

content highlights: suhara and family gets new house