മാവേലിക്കര: വിനീതയുടെ വിവാഹസ്വപ്നങ്ങള്‍ക്ക് സി.പി.എം. ചിറകുനല്‍കിയപ്പോള്‍ ഒരു നാടിനെയൊന്നാകെ സാക്ഷിയാക്കി സുബ്രഹ്മണ്യന്‍ വിനീതയെ ജീവിതസഖിയാക്കി.

ഇരുകാലുകളും തളര്‍ന്ന് ചക്രക്കസേരയില്‍ ജീവിതം തള്ളിനീക്കുന്ന ഈരേഴ വടക്ക് വിനീഷ് ഭവനില്‍ വേണുഗോപാലിന്റെയും ഓമനയുടെയും മകള്‍ വിനീതയുടെയും പാലക്കാട് തൃത്താല മച്ചിങ്ങല്‍ സുബ്രഹ്മണ്യന്റെയും വിവാഹമാണ് ബുധനാഴ്ച മറ്റം മഹാദേവര്‍ക്ഷേത്രത്തില്‍ നടന്നത്. 

സി.പി.എം. ചെട്ടിക്കുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റി മുന്‍കൈയെടുത്തു പണം സ്വരൂപിച്ചാണ് വിവാഹം നടത്തിയത്. യു. പ്രതിഭ എം.എല്‍.എ., മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഇന്ദിരാദാസ്, ചെട്ടിക്കുളങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. സുധാകരക്കുറുപ്പ്, സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. ശ്രീപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് വിനീതയെ വിവാഹപ്പന്തലിലേക്ക് ആനയിച്ചത്. 

vineetha
വിവാഹശേഷം സുബ്രഹ്മണ്യനും വിനീതയും ക്ഷേത്രപ്രദക്ഷിണം നടത്തുന്നു

സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, എ.എം. ആരിഫ് എം.പി., എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ., എ. മഹേന്ദ്രന്‍, കെ. മധുസൂദനന്‍, എസ്. സുനില്‍കുമാര്‍, കെ.ജെ. ജോയി തുടങ്ങി സി.പി.എം.നേതാക്കളുടെ വന്‍നിര നവദമ്പതിമാര്‍ക്ക് ആശംസനേരാന്‍ എത്തിയിരുന്നു.

വിനീതയുടെ രണ്ടുകാലുകളും തളര്‍ന്നതായതിനാല്‍ ചക്രക്കസേരയില്‍ ഇരുന്നാണ് സുബ്രഹ്മണ്യനെ മാലചാര്‍ത്തിയത്. വരന്റെ ഗൃഹത്തിലേക്കു യാത്രതിരിക്കുന്ന വേളയില്‍ സുബ്രഹ്മണ്യന്‍ വിനീതയെ എടുത്ത് കാറിലേക്കു കയറ്റിയപ്പോള്‍ കണ്ടുനിന്ന നാടൊന്നാകെ യാത്രയയപ്പു നല്‍കി.

content highlights: subrahmanian marries differently abled vineetha