വണ്ണപ്പുറം(ഇടുക്കി): കാളിയാര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് തണലേകിനില്‍ക്കുന്ന പടുകൂറ്റന്‍ ആല്‍മരം ഒരു രാഷ്ട്രീയ വൈരത്തിന്റെയും തുടര്‍ന്നുള്ള തീവ്രസുഹൃദ്ബന്ധത്തിന്റെയും കഥ പറയും. എസ്.എഫ്.ഐ.ക്കാരനായ വര്‍ഗീസിന്റെയും കെ.എസ്.യു.ക്കാരനായ ഭഗവത് സിങ്ങിന്റെയും രാഷ്ട്രീയ വഴക്കിന്റെയും പിന്നീട് ഇണപിരിയാത്ത സൗഹൃദത്തിന്റെയും കഥ. കാലം മുന്നോട്ടോടിയപ്പോള്‍ ഇരുവരും രണ്ട് ദേശങ്ങളിലായെങ്കിലും ആ ആല്‍മരം പുതിയ തലമുറയ്ക്ക് സൗഹൃദത്തിന്റെ തണല്‍ വിരിച്ചുനില്‍കുകയാണ്.

കഥ തുടങ്ങുന്നത് 47 വര്‍ഷം മുന്‍പ്. കാളിയാറില്‍ സഖാവ് കൃഷ്ണപിള്ളയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കാനെത്തിയ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സഖാക്കള്‍ അതിനൊപ്പം അവിടെ ആല്‍മരവും നട്ടു. കക്ഷിരാഷ്ട്രീയം കൊടുമ്പിരികൊണ്ട നാളുകളായതിനാല്‍ വര്‍ഗീസിന്റെ രാഷ്ട്രീയപ്രതിയോഗിയായ ഭഗവത് സിങിന് അതത്ര പിടിച്ചില്ല. പതിനേഴേക്കര്‍ എന്നറിയപ്പെടുന്ന കാളിയാര്‍ ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടുന്ന പൊതുസ്ഥലത്ത് എതിര്‍പാര്‍ട്ടിക്കാരന്‍ ആരോടും ചോദിക്കാതെ സ്മൃതി മണ്ഡപം പണിതാല്‍ പിന്നെ എങ്ങനെ വൈരം ഉടലെടുക്കാതിരിക്കും. സ്മൃതി മണ്ഡപവും ആല്‍മരവും എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട ഭഗവത് സിങും വര്‍ഗീസും തമ്മില്‍ ഒന്നും രണ്ടും പറഞ്ഞ് കൈയ്യാങ്കളിയായി. മറ്റുള്ളവര്‍ ഇടപെട്ട് പിടിച്ചുമാറ്റിയെങ്കിലും വെല്ലുവിളിച്ച് ഇരുവരും മടങ്ങി.

പ്രശ്നം ഗുരുതരമാകുമെന്ന് കണ്ടതോടെ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കി കുടുംബ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും മാതാപിതാക്കള്‍ പ്രശ്നത്തില്‍ ഇടപെട്ടു. ഇടതും വലതും പിണങ്ങിനിന്ന ഇരുവരെയും ഹസ്തദാനം ചെയ്യിപ്പിച്ച് സഹൃത്തുക്കളാക്കി. ഒന്നും പൊളിക്കേണ്ടെന്നും മരം പറിച്ചുകളയേണ്ടതില്ലെന്നും ധാരണയുമുണ്ടാക്കി. ആ ഹസ്തദാനവും ധാരണയും പിന്നീട് വലിയ സൗഹൃദമായി മാറി. പിന്നീട് ആ നാട്ടുകാര്‍ ഇരുവരെയും ഒരുമിച്ച് മാത്രമേ കണ്ടിട്ടുള്ളൂ. ആ സൗഹൃദത്തണലില്‍ ആല്‍മരം വളര്‍ന്നു വലുതാവുകയും ചെയ്തു. ഇന്ന് അത് നാടിനാകെ തണല്‍ നല്‍കുന്ന വന്‍മരമാണ്. കാളിയാര്‍ ബസ്സ്റ്റാന്‍ഡിലെത്തുന്ന ആരും അതിനുചുവട്ടില്‍ ഇരിക്കാതെ പോകില്ല.

തപാല്‍ വകുപ്പില്‍ ജോലി ലഭിച്ച വര്‍ഗീസ് കാളിയാര്‍ വിട്ടു കണ്ണൂരിലേക്ക് പോയി. എങ്കിലും ഇരുവരുടെയും സുഹൃദ്ബന്ധം തുടര്‍ന്നു. വണ്ണപ്പുറത്ത് ബിസിനസ് നടത്തുന്ന ഭഗവത് സിങ്ങിനെ കാണാന്‍ വര്‍ഗീസ് ഇടയ്ക്ക് കാളിയാറെത്തും. ആ മരച്ചോട്ടിലെത്തി വിശ്രമിച്ച് പഴയ കഥകളും പറയാതെ അവര്‍ പിരിയില്ല.

ഇവര്‍ മാത്രമല്ല, പിന്നാലെ വന്ന വണ്ണപ്പുറത്തെ നാലുതലമുറകള്‍ ഈ ആലിന്‍ചുവട്ടിലിരുന്ന് സൗഹൃദം പങ്കുവെച്ചിട്ടുണ്ട്. പഴയകാലത്തുള്ളവര്‍ ഈ ആല്‍മരത്തിന്റെ ചരിത്രം പുതുതലമുറയോട് പറഞ്ഞും കൊടുക്കാറുമുണ്ട്. തിരഞ്ഞെടുപ്പുകള്‍ എത്തുമ്പോഴെല്ലാം പഴയ രാഷ്ട്രീയമരത്തിനു കീഴെയാണ് ചര്‍ച്ചകളും, വെല്ലുവിളികളും, വാക്കുതര്‍ക്കങ്ങളുമെല്ലാം ഒരു ഓര്‍മപ്പെടുത്തലായി.

content highlights: story of varghese and bhagavath singh's friendship