എടപ്പാള്‍ : അര്‍ബുദരോഗം വന്നാല്‍ മനുഷ്യനെപ്പോലും ആരും നോക്കാനില്ലാത്ത അവസ്ഥയാണ്. അപ്പോള്‍പ്പിന്നെ തെരുവുനായയ്ക്ക് പിടിപെട്ടാലോ. അത്തരമൊരവസ്ഥയില്‍ കിടന്ന ഒരു മിണ്ടാപ്രാണിയെയാണ് എടപ്പാളിലെ മൃഗസ്‌നേഹിയായ ശ്രീജേഷ് പന്താവൂര്‍ രക്ഷപ്പെടുത്തി വിദഗ്ദ്ധ ചികിത്സയ്‌ക്കെത്തിച്ചത്.
ജനനേന്ദ്രിയത്തില്‍ അര്‍ബുദം ബാധിച്ച് നടക്കാന്‍ പോലുമാകാതെ അവശനിലയില്‍ ദിവസങ്ങളായി കുറ്റിപ്പുറം തിരൂര്‍ റെയില്‍പ്പാതയ്ക്കരികില്‍ കിടന്ന നായയെക്കുറിച്ചറിഞ്ഞാണ് ശ്രീജേഷ് എത്തിയത്. ജനനേന്ദ്രിയത്തിലെ കോശങ്ങള്‍ പെരുകി പുറത്തേക്ക് തള്ളിയനിലയില്‍ നായ കിടക്കുന്നതുകണ്ട് പ്രദേശത്തെ സാമൂഹികപ്രവര്‍ത്തകര്‍ മൃഗസംരക്ഷണവകുപ്പ് മന്ത്രിയുടെ ഓഫീസിലടക്കം വിവരമറിയിച്ചെങ്കിലും തുടര്‍ നടപടിയൊന്നുമുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തകനായ മൂജീബും തിരുനാവായ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുമെല്ലാം വിവരം ശ്രീജേഷിനെ അറിയിച്ചത്.
വലയുമായെത്തി നായയെ പിടികൂടി പ്രാഥമികചികിത്സ നല്‍കിയശേഷം ശ്രീജേഷ് പാലക്കാട് തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രം നടത്തുന്ന പ്രദീപ് പയ്യൂരിനെ ഏല്‍പ്പിച്ചു. വളര്‍ച്ചവന്ന ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് റേഡിയേഷന്‍ നല്‍കി രോഗം ഭേദപ്പെടുത്തിയശേഷം ഇവിടെത്തന്നെ കൊണ്ടുവന്ന് വിടാനാണ് തീരുമാനമെന്ന് ശ്രീജേഷ് പറഞ്ഞു.
content highlights: sreejith native from edappal helps cancer affected dog