കൊച്ചി: മാന്‍കിടാവും മയിലും ചിലന്തിയും കാടും മരവുമെല്ലാം ഓരോ താളുകള്‍ കീഴടക്കിയുള്ള, കാപ്പിമണമുള്ള സ്പെഷ്യല്‍ ചിത്രങ്ങള്‍... കാപ്പിയുടെ മണത്തെ സ്നേഹിച്ചും കുറുമ്പുകാട്ടിയും സ്പെഷ്യല്‍ കിഡ്സ് വരച്ചിട്ട 101 ചിത്രങ്ങളാണ് ബ്രൂവിങ് ആര്‍ട്ടിന്റെ ഓരോതാളുകളിലും. ഓട്ടിസം ക്ലബ്ബിലെ അംഗങ്ങളായ 10 കുട്ടികള്‍ വരച്ച 101 കോഫി പെയിന്റിങ്ങുകളാണ് ഈ ഫ്ലിപ്ബുക്കിലുള്ളത്.

സ്‌കൂള്‍ മുടക്കിയുള്ള ആദ്യ ലോക്ഡൗണില്‍ വീട്ടിലിരുന്ന് ബോറടിച്ച കുട്ടികള്‍ക്കായാണ് ഓട്ടിസം ക്ലബ്ബിന്റെ നേതൃത്വത്തില്‍ കോഫി ആര്‍ട് ക്ലാസുകള്‍ ആരംഭിച്ചത്. ലോക്​ഡൗണ്‍ ആരംഭിച്ചതോടെ ഭൂരിഭാഗം കുട്ടികളും പുറത്തുപോകാന്‍ കഴിയാതെയും ക്ലാസുകള്‍ നഷ്ടപ്പെട്ടതോടെയും ബോറടിച്ചു തുടങ്ങുകയായിരുന്നു. 

image

നാളിതുവരെയുള്ള ചിട്ടകളില്‍ വന്ന മാറ്റം കുട്ടികളെ കാര്യമായി ബാധിച്ചു. ഇതില്‍നിന്ന് കുട്ടികള്‍ക്ക് മോചനം ലഭിക്കാനായി രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പാചകവും കൃഷിയും പൂന്തോട്ടനിര്‍മ്മാണവുമെല്ലാം പ്രോത്സാഹിച്ചു. പെയിന്റിങ് താത്പര്യമുള്ള കുട്ടികള്‍ അതിനായി സമയം കണ്ടെത്തിയെങ്കിലും കടകള്‍ മുടക്കമായതിനാല്‍ പെയിന്റുകള്‍ ലഭ്യമായില്ല. ഈ സാഹചര്യത്തിലാണ് കോഫി പെയിന്റിങ്ങിന്റെ സാധ്യതകളെകുറിച്ച് ഓട്ടിസം ക്ലബ്ബ് ആലോചിച്ചത്. വീട്ടില്‍ സര്‍വസാധാരണമായ കാപ്പിയെ കാന്‍വാസിലാക്കാനുള്ള പരിശ്രമങ്ങള്‍ അങ്ങനെ തുടങ്ങി.

ഇന്‍സ്റ്റന്റ് കാപ്പിപ്പൊടിയും വെള്ളവും മാത്രം കൊണ്ട് ബ്രൗണ്‍ഷെയ്ഡിലെ കുറെയധികം ചിത്രങ്ങളാണ് ദിവസങ്ങള്‍ കൊണ്ട് കുട്ടികള്‍ പേപ്പറിലാക്കിയത്. വീട്ടില്‍ അഴുക്കാകാതെയും മറ്റ് പെയിന്റുകളെ അപേക്ഷിച്ച് ബ്രഷ് എളുപ്പത്തില്‍ വൃത്തിയാക്കാമെന്നതിനാല്‍ രക്ഷിതാക്കളും കാപ്പിവരകളെ സ്വീകരിച്ചു. ബ്രഷ് പിടിക്കാന്‍ കൈവഴങ്ങാത്ത കുട്ടികള്‍ക്ക് വരെ കാപ്പിവരകള്‍ പ്രിയങ്കരമായി.

കാപ്പിപ്പൊടിയുടെ മണമായിരുന്നു കുട്ടികളെ പെയിന്റിങ്ങിലേക്ക് അടുപ്പിച്ച പ്രധാനഘടകമെന്ന് ഓട്ടിസം ക്ലബ് എഡ്യുക്കേറ്റര്‍ പാര്‍ട്ട്നര്‍ ദീപ്തി മാത്യൂസ് പറഞ്ഞു. പെയിന്റിങ് ചെയ്യുമ്പോള്‍ റൂമിലാകെ കാപ്പിയുടെ മണമാണ്. ആ മണത്തിനോടുള്ള അടുപ്പംകൊണ്ട് കുട്ടികള്‍ വരെയെ കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങി. പിന്നെ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി അവരുടെ ഇഷ്ടത്തിന് പഞ്ഞിയും ബഡ്സും കൈവിരലുകളുമെല്ലാം കൊണ്ടാണ് ചിത്രങ്ങള്‍ വരച്ചതും. 2020 മെയ് മുതല്‍ ആഴ്ചയിലൊരു ദിവസം കോഫി പെയിന്റിങ്ങിന്റെ ക്ലാസുകള്‍ ഉണ്ടായിരുന്നു. കുട്ടികളുടെ സന്തോഷത്തിന് വേണ്ടിയാണ് പെയിന്റുങ്ങുകള്‍ ചേര്‍ത്തൊരു ഫ്ലിപ്ബുക്ക് തയ്യാറാക്കിയതെന്നും ദീപ്തി പറയുന്നു.

content highlights: special children draws paintings with coffee powder