ആലപ്പുഴ: ഔദ്യോഗിക ഉദ്ഘാടനമില്ല, പ്രസംഗങ്ങളില്ല... അതിഥികള്‍ക്ക് മന്ത്രി തോമസ് ഐസക് അന്നം വിളമ്പി. നാട്ടുകാരും ജനപ്രതിനിധികളും പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളുംചേര്‍ന്ന് ആഹാരം കഴിച്ച് ഭക്ഷണശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

വിശപ്പിന്റെവിളികള്‍ക്ക് കാതോര്‍ക്കുന്ന 'സ്‌നേഹജാലകം' ജനകീയ ഭക്ഷണശാലയുടെ ഉദ്ഘാടനം വേറിട്ടതെങ്കിലും കേമമായി.

രണ്ടായിരത്തിലധികം ആളുകളാണ് ഉദ്ഘാടനദിവസം ആലപ്പുഴ പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാലയില്‍ എത്തിയത്. കാഷ്യറില്ലാത്ത പണപ്പെട്ടിയാണ് ഭക്ഷണശാലയുടെ 'ഹൈലെറ്റ്' എങ്കിലും പണപ്പെട്ടി തേടി ആളുകള്‍ തിങ്ങിക്കൂടി. വന്നവരില്‍ ബഹുഭൂരിപക്ഷവും തങ്ങളാല്‍ കഴിയുന്നത് പണപ്പെട്ടിയില്‍ നിക്ഷേപിച്ചാണ് ഭക്ഷണശാലയില്‍നിന്ന് മടങ്ങിയത്.

അവിയലും സാമ്പാറും ചെമ്മീന്‍ഇട്ട ചാറുകറിയും മീന്‍കറിയും ഉള്‍പ്പെട്ട രുചികരമായ ഭക്ഷണമാണ് വിളമ്പിയത്. 1,500ലധികം പേര്‍ക്കാണ് ആദ്യദിനം ഭക്ഷണം നല്‍കിയത്. വൈകീട്ട് നാല് മണിക്കും ഊണ് കഴിക്കാന്‍ ആളുകള്‍ ഒഴുകിയെത്തിക്കൊണ്ടിരുന്നു.

ദൂരെദിക്കില്‍നിന്നുവരെ ചിലര്‍ ആഹാരം കഴിക്കാനായി ജനകീയ ഭക്ഷണശാലയിലെത്തി. മന്ത്രി മാത്യു ടി.തോമസ് തോമസ് ഐസക്കിന് ഭക്ഷണം വിളമ്പി നല്‍കി. 1,576 പേര്‍ ഇതിനോടകം ഭക്ഷണം നല്‍കാന്‍ സാമ്പത്തിക സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

സുമനസുകള്‍ 22 ലക്ഷംരൂപ ഭക്ഷണശാലയ്ക്ക് നല്‍കാമെന്നേറ്റു. ഇതേ മാതൃകയില്‍ മൂന്ന് ഭക്ഷണശാലകള്‍ കൂടി ആലപ്പുഴയില്‍ തുടങ്ങും.

എ.എം.ആരിഫ് എം.എല്‍.എ., കഥാകൃത്ത് എന്‍.എസ്.മാധവന്‍, ഡോ.ബി.ഇക്ബാല്‍, തനൂജ ഭട്ടതിരി, ശാരദക്കുട്ടി, ദീപാനിഷാന്ത്, ബോസ് കൃഷ്ണമാചാരി എന്നിവര്‍ ഉദ്ഘാടനദിനത്തില്‍ ഭക്ഷണശാലയിലെത്തിയ പ്രമുഖരില്‍പ്പെടും.
janakeeya bhakashnasala
Photo courtesy: Facebook/ Dr.T.M Thomas Isaac
JANAKEEYA BHAKSHANASALA
Photo courtesy: Facebook/ Dr.T.M Thomas Isaac
JANAKEEYA BHAKSHANASALA
Photo courtesy: Facebook/ Dr.T.M Thomas Isaac
JANAKEEYA BHAKSHANASALA
Photo courtesy: Facebook/ Dr.T.M Thomas Isaac

പ്രഭാതഭക്ഷണവും ഊണും അത്താഴവും നല്‍കാനും തീരുമാനമായിട്ടുണ്ട്. രാവിലെ ഇഡ്ഡലി, ദോശ, പുട്ട് എന്നിവയാണ് നല്‍കുന്നത്. ആഴ്ചയില്‍ ആറ് ദിവസം മീനും ഒരുദിവസം ഇറച്ചിയും നല്‍കും. ഒരുദിവസം കക്കാ ഇറച്ചിയും ഉണ്ടായിരിക്കും.

 
ജനകീയ ഭക്ഷണശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ധനമന്ത്രി തോമസ് ഐസക്ക് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

 

content highlights: snehajalakam janakeeya bhakshanasala