ചെറുതോണി: ശിവന്‍പിള്ളയുടെ ജീവിതത്തിന്റെ ഭാഗമാണ് പ്രാവുകള്‍. മക്കളെപ്പോലെയാണ് ഈ അറുപത്തിരണ്ടുകാരന്‍ പ്രാവുകളെ നോക്കി വളര്‍ത്തുന്നത്. വീട്ടില്‍ കൂടുകെട്ടി അവയെ പിടിച്ചിട്ടൊന്നുമല്ല, പകരം തന്റെ ചെറിയകടയില്‍ അവര്‍ക്ക് താവളമൊരുക്കിയാണ് സ്നേഹം പങ്കുവയ്ക്കുന്നത്.

പ്രളയം കട തകര്‍ത്തെങ്കിലും പ്രാവുകള്‍ ഇന്നും വിടാതെ ശിവന്‍പിള്ളയ്ക്കൊപ്പമുണ്ട്. ചെറുതോണി ടൗണില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശിവന്‍പിള്ള പലഹാരങ്ങള്‍ പൊരിച്ചുകൊടുക്കുന്ന പെട്ടിക്കട നടത്തിവരുകയാണ്.

രാവിലെ കട തുറക്കുമ്പോള്‍ ആദ്യം എത്തുന്നത് മനുഷ്യരല്ല ഒരു കൂട്ടം പ്രവുകളാണ്. ഇവര്‍ക്ക് വിശപ്പിനുള്ളത് നല്‍കിയതിന് ശേഷമേ മറ്റെന്തും ചെയ്യൂ. രാവിലെ എത്തുന്ന പ്രാവുകള്‍ വൈകീട്ട് ശിവന്‍പിള്ള കടയടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് മടങ്ങുന്നത്.

ഒരു ദിവസം കട തുറന്നില്ലെങ്കില്‍ ഇവ ശിവന്‍പിള്ളയുടെ വീടിന് മുകളിലൂടെ വട്ടമിട്ട് പറക്കും. പിന്നീട് കട തുറക്കുന്ന ദിവസം പ്രാവുകള്‍ കൂട്ടത്തോടെ എത്തി ശിവന്‍പിള്ളയെ പൊതിഞ്ഞ് സ്നേഹപ്രകടനവും നടത്തും. തന്റെ മക്കള്‍ക്ക് തുല്യരാണ് പ്രാവുകളെന്ന് ശിവന്‍പിള്ള പറയുന്നു.

ചെറുതോണി ബസ്സ്റ്റാന്‍ഡിന് സമീപത്തായിരുന്നു പൊരിക്കട നടത്തിക്കൊണ്ടിരുന്നത്. അവിടെവെച്ചാണ് പ്രാവുകള്‍ ശിവന്‍പിള്ളയുടെ കൂട്ടുകാരായത്. ഇടുക്കി അണക്കെട്ട് തുറന്നപ്പോള്‍ പൊരിക്കട ഒഴുകിപ്പോയി. പിന്നീട് ഒരു മാസത്തോളം കട നടത്തിയില്ല. എന്നിരുന്നാലും പ്രാവുകള്‍ക്ക് തീറ്റയുമായി ശിവന്‍പിള്ള എന്നും ടൗണില്‍ എത്തുമായിരുന്നു. പിന്നീട് കട ടൗണിലെ വാഴത്തോപ്പ് ജങ്ഷനിലേക്ക് മാറ്റി. ഇതോടെ ശിവന്‍പിള്ളയെ തേടിപ്പിടിച്ച് പ്രാവുകളും അവിടേക്ക് എത്തി.

content highlights: sivan pilla- man who feeds doves