മലപ്പുറം: അടുക്കളയില്‍നിന്ന് ഒരുദിവസംപോലും മാറ്റിനിര്‍ത്താനാവാത്ത ഇനമാണ് കറിവേപ്പില. ഭക്ഷണത്തിന് രുചിയും സുഗന്ധവും പകരാന്‍ മലയാളിക്ക് കറിവേപ്പില നിര്‍ബന്ധം. വീട്ടുവളപ്പില്‍ സ്വന്തമായൊരു കറിവേപ്പുമരം വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. നട്ടാലും പക്ഷേ, പിടിച്ചുകിട്ടുക പ്രയാസമാണ്. കടകളില്‍നിന്ന് വാങ്ങുന്നതാകട്ടെ വിശ്വസിച്ച് കഴിക്കാനുംവയ്യ.

മലപ്പുറം പടിഞ്ഞാറ്റുമുറി ഗ്രാമത്തിലുള്ളവര്‍ക്ക് ഇനി ഇമ്മാതിരി വേവലാതികളുണ്ടാകില്ല. സ്വന്തമായി കറിവേപ്പ് മരമില്ലെങ്കില്‍ പുലാക്കാടി ഷൗക്കത്തലിയുടെ വീട്ടിലെത്തിയാല്‍ മതി. മതിലിനോടുചേര്‍ന്ന് റോഡരികിലൊരു കറിവേപ്പ് തോട്ടം ഒരുക്കിയിട്ടുണ്ട്. വിഷം കലരാത്ത ഇലകള്‍ ആവശ്യത്തിന് പറിച്ചെടുക്കാം സൗജന്യമായി.

ഒരുവര്‍ഷം മുമ്പാണ് കരാറുകാരനായ ഷൗക്കത്ത് 16 കറിവേപ്പ് തൈകള്‍ നട്ടത്. മികച്ച പരിചരണം നല്‍കിയതിനാല്‍ അവ നന്നായി വളര്‍ന്നു. ഇപ്പോള്‍ അത്യാവശ്യക്കാര്‍ക്ക് എടുക്കാനുള്ള ഇലകളുണ്ട്. 'കുറച്ചുകൂടി കഴിഞ്ഞാല്‍ ഇതിനടുത്ത് കത്തിയും കത്രികയും വെക്കും. ഇതൊരു പരീക്ഷണമാണ്.
കൂടുതല്‍ ആവശ്യക്കാരുണ്ടെങ്കില്‍ ഇനിയും നട്ടുവളര്‍ത്തും- ഷൗക്കത്ത് പറഞ്ഞു.

കൃഷി സ്നേഹിയായ ഷൗക്കത്ത് പരിപാടികള്‍ക്കും വിരുന്നിനും പോകുമ്പോള്‍ തൈകളാണ് സമ്മാനമായി നല്‍കുക. മകളുടെ വിവാഹത്തിനെത്തിയ മൂവായിരത്തോളം പേര്‍ക്കും തൈകള്‍ കൊടുത്തു. ഇപ്പോള്‍ പടിഞ്ഞാറ്റുമുറിയിലെ മിക്ക വീടുകളിലും ഇദ്ദേഹം സമ്മാനിച്ച ഒരു മരമെങ്കിലുമുണ്ടാകും.

തൊടാം, പറിക്കാം, മണക്കാം

'തൊടരുത്, പറിക്കരുത്, മണക്കരുത്' എന്ന തോട്ടങ്ങളിലെ പതിവ് നിയമം ഇവിടെ ബാധകമല്ല. 'തൊടാം, പറിക്കാം, മണക്കാം' എന്നാണ് ഷൗക്കത്തിന്റെ മുദ്രാവാക്യം. അത് തോട്ടത്തില്‍ എഴുതിവെക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

content highlights: shoukathali's curryleaves garden