കൊടുവള്ളി: പൂനൂര്‍പ്പുഴയില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ ജീവിതത്തിന്റെ കരയിലേക്ക് പിടിച്ചെത്തിച്ചത് ഏഴാംക്ലാസുകാരന്‍. തൃക്കരിപ്പൂര്‍ ആയിറ്റിയില്‍ കെ.എം.എച്ച്. ഹൗസില്‍ സിദ്ദിഖിനാണ് (35) മുഹമ്മദ് അദ്നാന്‍ എന്ന അനുമോന്റെ സാഹസികതയും ധൈര്യവും കാരണം പുതുജീവന്‍ ലഭിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പുനൂര്‍പ്പുഴയിലെ എരഞ്ഞോണ കുളിക്കടവില്‍ അഞ്ചു മീറ്ററോളം ആഴത്തില്‍ മുങ്ങിപ്പോയ സിദ്ദിഖിനെ പന്ത്രണ്ടു വയസ്സുകാരനായ അദ്നാന്‍ പുഴയിലേക്ക് ചാടി രക്ഷിക്കുകയായിരുന്നു. ഏറെ പാടുപെട്ടാണ് യുവാവിനെ കരയ്‌ക്കെത്തിച്ചത്. വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ പ്രഥമശുശ്രൂഷ നല്‍കിയതോടെയാണ് തളര്‍ന്നവശനായ സിദ്ദിഖ് പഴയനിലയിലായത്. അല്‍പം വൈകിയിരുന്നെങ്കില്‍ യുവാവിന് ജീവന്‍ നഷ്ടമാവുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
എരഞ്ഞോണ ഏരെരക്കല്‍ പരേതനായ അബ്ദുല്‍ ഗഫൂര്‍-റംല ദമ്പതിമാരുടെ മകനാണ് പരപ്പന്‍പൊയില്‍ രാരോത്ത് ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് അദ്നാന്‍.
എരഞ്ഞോണയിലുള്ള ഭാര്യാ സഹോദരിയുടെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു സിദ്ദിഖ്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുടുംബത്തോടൊപ്പം പുഴ കാണാനായി എരഞ്ഞോണ കടവിലെത്തി. പിന്നീട് കുളിക്കാനിറങ്ങുകയുമായിരുന്നു. താഴ്ചയുള്ള ഭാഗത്തേക്ക് കാല്‍ വഴുതിയതോടെ നീന്തല്‍ വശമില്ലാതിരുന്ന സിദ്ദിഖ് മുങ്ങിപ്പോയി. സിദ്ദിഖിന്റെ ഭാര്യയുടെയും മക്കളുടെയും നിലവിളികേട്ടാണ് സമീപത്തുള്ള വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അദ്നാന്‍ ഓടിയെത്തിയത്. നന്നായി നീന്തല്‍ ആറിയാവുന്ന അദ്നാന്‍ ഉടന്‍ പുഴയില്‍ചാടി സിദ്ദിഖിനെ കരയ്‌ക്കെത്തിക്കുകയായിരുന്നു.
മുഹമ്മദ് അദ്നാന് നാടിന്റെ ആദരം
പുഴയിലേക്ക് മുങ്ങിത്താഴ്ന്ന യുവാവിന്റെ ജീവന്‍ രക്ഷിച്ച മുഹമ്മദ് അദ്നാന് നാടിന്റെ ആദരം. എരഞ്ഞോണ പൗരാവലിയുടെ നേതൃത്വത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ കാരാട്ട് റസാഖ് എം.എല്‍.എ. ഉപഹാര സമര്‍പ്പണം നടത്തി. ധീരതയ്ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരത്തിന് പരിഗണിക്കാന്‍ നടപടി ആവശ്യപ്പെട്ട് ഡിവിഷന്‍ കൗണ്‍സിലര്‍ ഷാനാ നൗഷാജ് എം.എല്‍.എ.ക്ക് നിവേദനം നല്‍കി.
content highlights: seventh stantard student helps man from drawning