കരകുളം(തിരുവനന്തപുരം): ഒരു സൈക്കിള്‍ വാങ്ങാന്‍ മോഹിച്ചാണ് ഏഴാംക്ലാസുകാരനായ ആദര്‍ശ് രണ്ടുവര്‍ഷമായി തനിക്കുകിട്ടിയ വിഷുക്കൈനീട്ടം ഉള്‍പ്പെടെയുള്ള പണം കൂട്ടിവച്ചത്. എന്നാല്‍, കോവിഡ് മഹാമാരിയില്‍ നാട് പകച്ചുനില്‍ക്കുമ്പോള്‍ രണ്ടാമതൊന്നു ചിന്തിക്കാതെ തന്റെ കൊച്ചുസമ്പാദ്യം അവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കി. 

ഇതാദ്യമല്ല ആദര്‍ശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കുന്നത്. പ്രളയദുരിതാശ്വാസകാലത്ത് യുവജനസംഘടന നടത്തിയ റീസൈക്കിള്‍ കാമ്പയിനിലേക്ക് തന്റെ സൈക്കിള്‍ സമ്മാനിച്ചാണ് ആദര്‍ശ് അന്ന് മാതൃകയായത്. ഇപ്പോള്‍ സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ തുക വാക്സിന്‍ ചലഞ്ചിനും.

കഴിഞ്ഞ ശിശുദിനത്തില്‍ ശിശുക്ഷേമസമിതി കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുത്തത് ഈ ഏഴാം ക്ലാസുകാരനെയായിരുന്നു. കഴിഞ്ഞ രണ്ട് വിഷുക്കാലത്തും ബന്ധുക്കള്‍ നല്‍കിയ വിഷുക്കൈനീട്ടവും അല്ലാതെ കിട്ടിയ നാണയത്തുട്ടുകളും ചേര്‍ത്ത് 5200 രൂപയാണ് ആദര്‍ശ് വാക്സിന്‍ ചലഞ്ചിലേക്ക് നല്‍കിയത്. വരുന്ന ഓണക്കാലത്ത് തന്റെ സൈക്കിള്‍ വാങ്ങുകയായിരുന്നു ആദര്‍ശിന്റെ സ്വപ്നം.

content highlights: seventh standard student adarsh donates money to vaccine challenge