ന്യൂഡൽഹി: അന്ന്, വിഭജനത്തിന്റെ വേലികളാൽ വേർതിരിക്കപ്പെട്ടവർ 74 വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടുമുട്ടി. പിരിയുമ്പോൾ അവർ കുട്ടികളായിരുന്നു. ഇന്ന് തലമുഴുവൻ നരകയറി, കണ്ണുകളിൽ വാർധക്യം തിരയടിക്കുന്നു. എങ്കിലും കൂടിക്കാഴ്ചയിൽ തിരിച്ചറിയാൻ അവർക്കു വാക്കുകൾ വേണ്ടിവന്നില്ല. ഒരേ രക്തത്തിൽ പിറന്നവർ ഹൃദയം തികട്ടിവന്ന തേങ്ങലോടെ പരസ്പരം പുണർന്നു, കണ്ണീരുവാർത്തു.

ഇന്ത്യ-പാക് സൗഹൃദത്തിന്റെ പാതയായി മാറിയ കർത്താർപുർ ഇടനാഴി അങ്ങനെ, അകലെയായിപ്പോയ സഹോദരങ്ങളുടെ അപൂർവസമാഗമത്തിനു വേദിയായി. പാകിസ്താനിലെ ഫൈസലാബാദിൽ താമസിക്കുന്ന മുഹമ്മദ് സാദിഖും ഇന്ത്യയിലെ പഞ്ചാബ് സ്വദേശി മുഹമ്മദ് ഹബീബുമാണ് കഴിഞ്ഞ ദിവസം കണ്ടുമുട്ടിയത്. പാകിസ്താനിലെ സിഖ് ആരാധനാകേന്ദ്രമായ ഗുരുദ്വാര കർത്താർപുർ സാഹിബിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സാക്ഷികളായവർ ഈ മുഹൂർത്തം മൊബൈലുകളിൽ പകർത്തി. അത് സമൂഹമാധ്യമങ്ങളിൽ തരംഗമായി.

ഇന്ത്യാ വിഭജനവേളയിൽ വേർപിരിഞ്ഞവരാണ് ഇരുവരും. ഇളയ സഹോദരൻ മുഹമ്മദ് സാദിഖ് പാകിസ്താനിലും മൂത്തസഹോദരൻ ഷേല എന്നു വിളിക്കുന്ന മുഹമ്മദ് ഹബീബ് ഇന്ത്യയിലുമായി. ഇക്കാലമത്രയും പിരിഞ്ഞുനിന്നവരെ ബന്ധുക്കൾ ചേർന്ന് ഒന്നിപ്പിക്കാൻ മുൻകൈയെടുത്തു. ഇരുവരുടെയും ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. അങ്ങനെയാണ് ഇവർ എവിടെ താമസിക്കുന്നുവെന്നു കണ്ടെത്താനായത്. പഞ്ചാബ് അതിർത്തിയിൽനിന്ന്‌ 4.7 കിലോമീറ്റർ ദൂരെയുള്ള കർത്താർപുരിൽ ചൊവ്വാഴ്ച കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി. `ഒടുവിൽ ഞങ്ങൾ കണ്ടുമുട്ടി..'- ഇതായിരുന്നു മാധ്യമങ്ങളോട് സഹോദരങ്ങളുടെ പ്രതികരണം. സമാഗമം സാധ്യമാക്കിയ സാമൂഹികമാധ്യമങ്ങൾക്ക് ഇരുവരും നന്ദിയും അറിയിച്ചു.

Content Highlights: Separated at India-Pakistan partition, brothers meet at Kartarpur after 74 years